കണ്ണൂർ: സംസ്ഥാനത്തെ നാല് സർവകലാശാലകളും വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് വിദ്യാഭ്യാസവും നിർത്തിയതോടെ കേരളത്തിലെ പാരലൽ കോളേജുകൾ ഇല്ലാതാവുകയോ വെറും ട്യൂഷൻ സെന്ററുകളായി മാറുകയോ ചെയ്യും. 70 വർഷത്തിലധികം ചരിത്രമുള്ള കേരളത്തിലെ പാരലൽ കോളേജുകൾക്ക് അതിന്റെ മുഖം നഷ്ടപ്പെടും. സംസ്ഥാനത്തെ വിദൂരവിദ്യാഭ്യാസ പഠനങ്ങൾ എല്ലാം പുതുതായി വരുന്ന ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ ഭാഗമായി മാറുകയാണ്.

ഓപ്പൺ സർവകലാശാലയ്ക്ക് എതിരല്ലെങ്കിലും വിദ്യാർഥികൾക്ക് പാരലൽ പഠനമോ സർവകലാശാലകൾക്ക് കീഴിൽ വിദൂരവിദ്യാഭ്യാസമോ ഏതാണ് ഇഷ്ടമെങ്കിൽ അത് തിരഞ്ഞെടുക്കാനുള്ള സൗകര്യം നാല് സർവകലാശാലകളും ചെയ്തുകൊടുക്കണമെന്നാണ് പാരലൽ കോളേജ് ഉടമകളുടെ ആവശ്യം. നിലവിലുള്ള സ്ഥിതി തുടരുകയും വേണം. പാരലൽ കോളേജ് വിദ്യാർഥികൾക്കും റെഗുലർ വിദ്യാർഥികൾക്കും സർവകലാശാലകൾ നിലവിൽ ഒരു സർട്ടിഫിക്കറ്റാണ് നൽകുന്നത്. ഓപ്പൺ സർവകലാശാല വരുന്നതോടെ ഓപ്പൺ, റെഗുലർ എന്നിങ്ങനെ മാറും-പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ പറയുന്നു.

ഈ വർഷംമുതൽ സംസ്ഥാനത്തെ പാരലൽ കോളേജുകളിൽ ബിരുദ, ബിരുദാനന്തര പഠനത്തിന് പ്രവേശനമുണ്ടാവില്ല. സംസ്ഥാനത്ത ഒന്നരലക്ഷത്തോളം വിദ്യാർഥികൾ പാരലൽ കോളേജുകളിൽ പഠിക്കുന്നതായാണ് കണക്ക്. അഭ്യസ്ഥവിദ്യരും തൊഴിൽരഹിതരുമായ 35,000-ലധികംപേർ ഈ മേഖലയിൽ അധ്യാപകരായി ജോലി നോക്കുന്നു. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് മാത്രം കോടികളുടെ വരുമാനമാണ് പാരലൽ കേളേജ് വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ വഴി ലഭിക്കുന്നത്. വിദൂരവിദ്യാഭ്യാസം മൊത്തം ഓപ്പൺ സർവകലാശാലയിലേക്ക് മാറുമ്പോൾ പ്രൈവറ്റ് വിദ്യാഭ്യാസത്തിന് ചെലവേറും എന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്.

കണ്ണൂരിൽ പ്രൈവറ്റ് വിദ്യാഭ്യാസത്തിന് നേരത്തെ സിൻഡിക്കേറ്റ് അംഗീകാരം നൽകിയതാണ്. അത് നടപ്പാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അതേ സമയം ഓപ്പൺ സർവകലാശാല തുടങ്ങിയാലും സമാന്തര കോളേജുകൾക്ക് ട്യൂഷൻ സെന്ററോ കോച്ചിങ്‌ സെന്ററോ ആയി തുടരാൻ കഴിയുമെന്നും ചിലർ കരുതുന്നു.

സംസ്ഥാനത്തെ നാല് സർവകലാശാലകളിലും പ്രൈവറ്റ്, വിദൂരവിഭാഗം കോഴ്‌സുകൾ നിലനിർത്തുക, അധ്യാപകരുടെ തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാരലൽ കോളേജ് കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാനതലത്തിൽ ശനിയാഴ്ച വെർച്വൽ റാലി സംഘടിപ്പിക്കും. കാസർകോട് രാവിലെ 10-ന് എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.