കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്ര പരിശോധന ഇതുവരെ തുടങ്ങാനായില്ല. പരിശോധനയ്ക്കായി ഹൈദരാബാദിൽനിന്നെത്തിയ എൻജിനീയർമാരിൽ പലർക്കും കോവിഡ് ബാധിച്ചതിനെത്തുടർന്നാണിത്. ഒക്ടോബർ മൂന്നിന് പരിശോധന തുടങ്ങി നവംബർ ആദ്യവാരത്തോടെ പൂർത്തിയാക്കാനായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. വോട്ടിങ് യന്ത്രത്തിന്റെ നിർമാതാക്കൾ പൊതുമേഖലാ സ്ഥാപനമായ ഹൈദരാബാദിലെ ഇലക്‌ക്‌ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് ആണ്.

എല്ലാ വോട്ടിങ് യന്ത്രവും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ പരിശോധിച്ച് പിഴവുകളില്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനാവൂ. പരിശോധനയ്ക്ക് ഒരു മാസത്തോളം സമയം വേണ്ടിവരും. ഇതിനായി ഹൈദരാബാദിൽനിന്ന് എത്തിയ ഇ.സി.ഐ.എലിന്റെ 73 എൻജിനിയർമാരെ എല്ലാ ജില്ലകളിലേക്കുമായി നിയോഗിച്ചു. അഞ്ചും ആറും പേരാണ് ഓരോ ജില്ലയിലുമുള്ളത്. സെപ്റ്റംബർ 25-നെത്തിയ ഇവരെ പ്രത്യേക കേന്ദ്രത്തിൽ ഒരാഴ്ചത്തെ ക്വാറന്റീനിലാക്കിയതാണ്. അതിനിടയിലാണ് പലർക്കും കോവിഡ് സ്ഥിരീകരിച്ചത്. ചില ജില്ലകളിൽ നിയുക്തരായ എല്ലാവർക്കും കോവിഡ് ബാധിച്ചു. രോഗമുക്തരായശേഷം ഒരാഴ്ചത്തെ ക്വാറന്റീൻ കൂടി ആവശ്യമായതിനാൽ പരിശോധന എപ്പോൾ തുടങ്ങാനാവുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്.

അതിനിടെ സംവരണ വാർഡുകൾ നിശ്ചയിക്കുന്ന നടപടി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പൂർത്തിയാവാത്തതും പ്രശ്നമായിട്ടുണ്ട്. ഒക്ടോബർ ആറിന് പൂർത്തിയാക്കേണ്ടതായിരുന്നു ഇത്. എന്നാൽ, കൊല്ലത്തും തിരുവനന്തപുരത്തും ഇതിനായി നിയോഗിക്കപ്പെട്ട ചില ഉദ്യാഗസ്ഥർക്ക് കോവിഡ് ബാധിക്കുകയോ സമ്പർക്കത്തിലാവുകയോ ചെയ്തതിനാൽ കോർപ്പറേഷനിലെയടക്കം നറുക്കെടുപ്പ് നടത്താനായില്ല. ഇത് ഇനി വീണ്ടും വിജ്ഞാപനം ചെയ്ത് പൂർത്തിയാക്കണം.

യന്ത്രം വാടകയ്ക്കെടുക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇലക്‌ട്രോണിക്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് കേരളം എണ്ണായിരം വോട്ടിങ് യന്ത്രങ്ങൾ വാടകയ്ക്കെടുക്കും. കോർപ്പറേഷൻ, നഗരസഭാ തിരഞ്ഞെടുപ്പിനുള്ള യന്ത്രങ്ങളാണ് വാടകയ്ക്കെടുക്കുക. ത്രിതല പഞ്ചായത്തുകളിലേക്ക് മൂന്ന് സ്ഥാപനത്തിലേക്കാണ് വോട്ട്. നഗരസഭകളിൽ ഒറ്റ വോട്ടും. അതിന് പ്രത്യേകം യന്ത്രമാണാവശ്യം. അതാണ് വാടകയ്ക്കെടുക്കുന്നത്.