കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മാംസ സംസ്കരണ പഠന, പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള വെറ്ററിനറി സർവകലാശാലയുടെ പദ്ധതി സാങ്കേതികക്കുരുക്കിൽ. പദ്ധതിക്കായി സംസ്ഥാന സർക്കാർ 10 കോടി രൂപ നീക്കിവെച്ചിരുന്നു. ഈ തുക പൊതുമരാമത്തുവകുപ്പിന്റെ അക്കൗണ്ടിലാണുള്ളത്. നിർമാണം ആരംഭിക്കേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് അന്ന് ഈ പണം പൊതുമരാമത്തുവകുപ്പിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. എന്നാൽ, നിർമാണത്തിന് മുന്നോടിയായി നടക്കേണ്ട പ്രാഥമിക പ്രവർത്തനങ്ങൾക്ക് എങ്ങനെ പണം വിനിയോഗിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സർവകലാശാല.

കാസർകോട് ജില്ലയിലെ മടിക്കൈ ഗ്രാമപ്പഞ്ചായത്തിലാണ് ആദ്യ കേന്ദ്രം സ്ഥാപിക്കുന്നത്. മടിക്കൈ മാതൃക വിജയിച്ചാൽ സംസ്ഥാനത്തെ നാലോ അഞ്ചോ കേന്ദ്രങ്ങളിൽ സമാനരീതിയിൽ പഠന, പരിശീലന കേന്ദ്രങ്ങൾ തുടങ്ങാമെന്ന ആശയമാണ് സർവകലാശാല അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ ഒന്നോ രണ്ടോ വർഷം നീളുന്ന ഡിപ്ലോമ കോഴ്‌സുകൾ. പിന്നീട് ബിരുദ കോഴ്‌സുകൾ. ഇത്തരത്തിൽ സർവകലാശാലയ്ക്കുകീഴിൽ വിവിധ കേന്ദ്രങ്ങളിൽ കോളേജുകൾ എന്ന ലക്ഷ്യത്തിലേക്കാണ് പദ്ധതി ചെന്നെത്തുകയെന്ന് പ്രാഥമിക രൂപരേഖയിൽ പറയുന്നു. ഈ വർഷം ജനുവരിയിലാണ്‌ രൂപരേഖ സർക്കാരിന് സമർപ്പിച്ചത്.

ആദ്യ കേന്ദ്രം സ്ഥാപിക്കാൻ തിരഞ്ഞെടുത്ത മടിക്കൈ കാഞ്ഞിരപ്പൊയിലിൽ 70 ഏക്കറോളം റവന്യൂ ഭൂമി ഇതിനായി കണ്ടെത്തിയിരുന്നു. സർവകലാശാലാ അധികൃതർ ഇവിടെയെത്തി സ്ഥലം പരിശോധിക്കുകയും ചെയ്തു. പഠന, പരിശീലനത്തിനു പുറമെ, തനത് വർഗമൃഗങ്ങളുടെ ജനിതക പഠനം, മാംസ സംസ്കരണ യൂണിറ്റ് തുടങ്ങി നാലോ അഞ്ചോ സംരംഭങ്ങൾ ഉൾക്കൊള്ളുന്ന വിശാലപദ്ധതിക്കാണ് രൂപം നൽകിയത്. 36 കോടി രൂപയാണ് മടിക്കൈ പദ്ധതിക്ക് മാത്രമായി ചെലവ് കണക്കാക്കിയത്.

ഇതരവകുപ്പുകളുടെ സഹായവും വേണം

മാംസ സംസ്കരണ പഠന, പരിശീലന കേന്ദ്രങ്ങൾ സംസ്ഥാനത്ത് പലയിടത്തായി തുടങ്ങണമെങ്കിൽ ആദ്യം മടിക്കൈ മാതൃക വിജയിക്കണം. ഇതിന് മൃഗസംരക്ഷണവകുപ്പ് മാത്രം മുന്നിട്ടിറങ്ങിയാൽ എങ്ങുമെത്തില്ല. റവന്യൂ, കൃഷി തുടങ്ങി ഒന്നിലേറെ വകുപ്പുകൾ കൈകോർക്കണം. ഒരു മിഷൻ ആയി ഏറ്റെടുത്ത് നടപ്പാക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കണം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കോളേജുകൾ സ്ഥാപിതമായാൽ മൃഗസംരക്ഷണമേഖലയിൽ മാത്രമല്ല, ഇതുമായി ബന്ധപ്പെടുന്ന എല്ലാ മേഖലയിലും പുരോഗതി കൈവരിക്കാനാകും.

ഡോ. ഗിരീഷ് വർമ

വെറ്ററിനറി സർവകലാശാല പൗൾട്രി സയൻസ് ഫാക്കൽറ്റി ഡീൻ