ആലപ്പുഴ: കോവിഡിനെത്തുടർന്ന് സ്തംഭനത്തിലായ വിനോദസഞ്ചാരമേഖലയെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തികപാക്കേജ് നൽകിത്തുടങ്ങിയില്ല. വരുമാനം നിലച്ചതിനാൽ പുരവഞ്ചി ഉടമകളും ഈ മേഖയിൽ പണിയെടുക്കുന്നവരും കടുത്തപ്രതിസന്ധിയിലാണ്. വിനോദസഞ്ചാരമേഖലയിൽ 149 കോടിരൂപയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ സബ്‌സിഡിയോടുകൂടിയ വായ്പയും പുരവഞ്ചികളുടെ അറ്റകുറ്റപ്പണികൾക്കുള്ള ഗ്രാന്റും അടങ്ങുന്നു. പ്രഖ്യാപനങ്ങൾവന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള പോർട്ടൽപോലും തുറന്നിട്ടില്ലെന്നു പുരവഞ്ചി ഉടമകൾ പറയുന്നു.

ടൂറിസംമേഖലയ്‌ക്ക് കനത്തതിരിച്ചടിയാണ് കോവിഡ് സമ്മാനിച്ചിരിക്കുന്നത്. എന്നുമുതൽ പ്രവർത്തിച്ചുതുടങ്ങാമെന്നു ധാരണയുമില്ല. മാസങ്ങളായി ഓടാതിരിക്കുന്നതിനാൽ ലക്ഷങ്ങളുടെ പണിയാണ് ഓരോവഞ്ചിക്കും ഉണ്ടായിരിക്കുന്നത്. ചിലത് വെള്ളത്തിൽ മുങ്ങി. പണികൾ പൂർത്തിയാക്കാനും നാളുകൾവേണം. അതിനാൽ എത്രയുംവേഗം സഹായം നൽകണമെന്നാണ് ഈ രംഗത്തുള്ളവർ ആവശ്യപ്പെടുന്നത്.

നടപടികൾ വേഗത്തിൽ

സാമ്പത്തികപാക്കേജ് നൽകുന്നതിനുള്ള എല്ലാ നടപടികളും ഊർജിതമായി നടക്കുന്നുണ്ടെന്ന് ടൂറിസംവകുപ്പ് പറയുന്നു. നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ സഹായം നൽകാൻ സാധിക്കൂ. ഇപ്പോൾ വായ്പ നൽകുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് അത് നൽകാനുള്ള പ്രവർത്തനം വേഗത്തിൽ നടക്കുകയാണ്. ആലപ്പുഴയിൽമാത്രം ആറരക്കോടിയുടെ വായ്പ അപേക്ഷയാണ് ലഭിച്ചിരിക്കുന്നത്. എല്ലാം പരിശോധിച്ച് നടപടിയെടുക്കണം. അടുത്തയയാഴ്ചയോടെ ഗ്രാന്റ് നൽകുന്നതിനുള്ള പ്രവർത്തനം തുടങ്ങുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറ്കടർ ടി.ജി. അഭിലാഷ് പറഞ്ഞു.