തൃശ്ശൂർ: അധ്യാപകനിയമനത്തിന് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) നിർബന്ധമാക്കിയതോടെ പി.എസ്.സി. പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ 30 ശതമാനത്തിന്റെ കുറവ്. മുൻവർഷങ്ങളിൽ ഏറ്റവും കൂടുതൽപേർ എഴുതിക്കൊണ്ടിരുന്ന എൽ.പി.-യു.പി. അസിസ്റ്റന്റ് പരീക്ഷയിലാണ് ശ്രദ്ധേയമായ കുറവ് കണ്ടത്.

നവംബർ ഏഴിന് യു.പി. അധ്യാപകപരീക്ഷയും നവംബർ 24-ന് എൽ.പി. അധ്യാപകപരീക്ഷയും നടക്കുകയാണ്. കെ-ടെറ്റ് നിർബന്ധമാക്കിയശേഷം നടക്കുന്ന ആദ്യത്തെ എൽ.പി.-യു.പി. പരീക്ഷയാണിത്. 2016-നുശേഷം നടക്കുന്ന പരീക്ഷയാണിത്.

കെ-ടെറ്റ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ പറ്റാത്തതിനാലാണ് മുമ്പ് നടന്ന പരീക്ഷയേക്കാൾ പരീക്ഷാർഥികൾ ഗണ്യമായി കുറഞ്ഞത്. എൽ.പി. വിഭാഗത്തിലേക്ക് 30,163 പേരും യു.പി. വിഭാഗത്തിൽ 95,958 പേരുമാണ് എഴുതുന്നത്. 2016-ൽ നടന്ന പരീക്ഷയിൽ എൽ.പി. വിഭാഗത്തിൽ 52,770 പേരാണ് അപേക്ഷിച്ചത്. അതിനെ അപേക്ഷിച്ച് 43 ശതമാനംപേരുടെ കുറവാണ് ഇത്തവണ. പി.എസ്.സി. നടത്തിയിട്ടുള്ള പരീക്ഷകളിൽ വലിയതോതിൽ പരീക്ഷാർഥികളുടെ എണ്ണം കുറഞ്ഞ പരീക്ഷയാണ് നവംബർ 24-ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടക്കുന്നത്.

യു.പി. വിഭാഗത്തിലെ പരീക്ഷയ്ക്ക് 11 ശതമാനംപേരുടെ കുറവേ ഉണ്ടായിട്ടുള്ളൂ. 2016-ൽ നടന്ന യു.പി. വിഭാഗം പരീക്ഷ 1,07,257 പേരാണ് എഴുതിയത്. അധ്യാപകപരിശീലന സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്നവരുടെ എണ്ണം കൂടിവരുന്നതിനാൽ മുൻവർഷങ്ങളിൽ നടന്ന പരീക്ഷകളിലെല്ലാം തൊട്ടുമുമ്പത്തേക്കാൾ ഹാജർ കൂടുതലായിരുന്നു. എന്നാൽ, കെ-ടെറ്റ് ജയിച്ചവരുടെ എണ്ണം സംസ്ഥാനത്ത് കുറവായതാണ് ഇപ്പോഴത്തെ എണ്ണക്കുറവിന് കാരണം.

ഓരോതവണയും ശരാശരി 20 ശതമാനംപേർ മാത്രമാണ് കെ-ടെറ്റ് പരീക്ഷ ജയിക്കാറുള്ളത്. ഇത്തവണത്തെ എൽ.പി.-യു.പി. പരീക്ഷയ്ക്ക് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽപേർ എഴുതുന്നത്. എൽ.പി.ക്കും യു.പി.ക്കും മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരീക്ഷാർഥികൾ.