തൃശ്ശൂർ: റിമാൻഡ് തടവുകാരുടെ കോവിഡ് നിരീക്ഷണകേന്ദ്രമായ തൃശ്ശൂരിലെ അമ്പിളിക്കല ഹോസ്റ്റൽ ഇപ്പോൾ തടവുകാരുടെ പേടിസ്വപ്‌നം. ഒരു പ്രതിയുടെ മരണവും തുടർന്നുവന്ന വെളിപ്പെടുത്തലുകളുമാണ് ജയിൽവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അമ്പിളിക്കലയെ സംശയത്തിലാക്കിയിരിക്കുന്നത്.

കഞ്ചാവുകേസ് പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ മരിച്ചത് ക്രൂരമർദനത്തിനാലാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഷെമീറിന്റെ ദേഹമാസകലം മുറിപ്പാടുകളുണ്ടെന്നും ചോര വാർന്നുപോയെന്നും ചോര കട്ടയായിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ. വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. തലയ്ക്കേറ്റ ക്ഷതംമൂലം തലയിൽ രക്തം കട്ടപിടിക്കുകയും ചെയ്തു.

മറ്റൊരു കേസിൽ പ്രതിയായ തേഞ്ഞിപ്പലം സ്വദേശി ഷാഫിക്ക് അന്പിളിക്കലയിൽ മർദനമേറ്റതിനെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചേർന്നത് ക്രൂരമർദനം നടന്നുവെന്നതിലേക്കാണ്. മർദനമേറ്റ് അവശനിലയിൽ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ േതടിയ ഷാഫി ഡോക്ടർക്ക് നൽകിയ മൊഴിപ്രകാരം അമ്പിളിക്കലയിലെ രണ്ട് ജയിൽജീവനക്കാരുടെ പേരിൽ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു.

ഷാഫിക്ക് മർദനമേറ്റെന്ന് പരാതിയിൽ പറഞ്ഞ ദിവസംതന്നെയാണ് ഷെമീറിനെയും അവശനിലയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചതും പിന്നീട് മരിച്ചതും. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നുവരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽജീവനക്കാരുടെ പേരിലാണ് കേസ്. വിയ്യൂർ സബ് ജയിലിൽനിന്നുള്ള വാർഡൻമാരാണ് ഇവിടത്തെ ചുമതലക്കാർ.

സെപ്റ്റംബർ 29-ന് അറസ്റ്റ് ചെയ്ത ഷെമീറിനെ പോലീസ് മെഡിക്കൽ പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് സഹിതമാണ് അമ്പിളിക്കലയിലേക്ക് കൈമാറിയത്. 30-ന് രാവിലെ അസ്വസ്ഥത കാണിച്ച ഷെമീറിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് ഷെമീറിനെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നു.

ജനറൽ ആശുപത്രിയിൽവെച്ച് ഓടിപ്പോകാൻ ശ്രമിച്ചെന്നാരോപിച്ച് പ്രതിയെ മെഡിക്കൽ കോളേജിൽ കൊണ്ടുവരാതെ അമ്പിളിക്കലയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. അന്ന് രാത്രിയാണ് ജയിൽ അധികൃതർ പ്രതിയെ അബോധാവസ്ഥയിൽ മെഡിക്കൽ കോളേജിലെത്തിച്ചത്.

അന്പിളിക്കലയിൽ വാർഡൻമാരുടെ മേൽനോട്ടത്തിന് ഉന്നതോദ്യോഗസ്ഥരില്ല. ജയിൽവകുപ്പിന്റേതായതിനാൽ പോലീസിന് പ്രവേശനാനുമതിയുമില്ല. ഷെമീറിനോടൊപ്പം പിടിയിലായ ഭാര്യ സുമിയും അന്പിളിക്കലയിലുണ്ടായിരുന്നു.