മെഡിക്കൽ കോളേജ് (തൃശ്ശൂർ): കഞ്ചാവ് കേസിലെ റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ മരിച്ചത് ക്രൂരമായ മർദനമേറ്റിട്ടെന്ന വിലയിരുത്തൽ സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോലീസിന്‌ റിപ്പോർട്ട്‌ കൈമാറിയിട്ടില്ല. തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ജയിൽ അധികൃതർ അബോധാവസ്ഥയിൽ ഗവ.മെഡിക്കൽ കോളേജിലെത്തിച്ച ഷെമീർ ഒക്ടോബർ ഒന്നിന് പുലർച്ചെയാണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതവും മർദനവുമാണ് മരണകാരണം. ഇതേ നിരീക്ഷണ കേന്ദ്രത്തിലെ മറ്റൊരു പ്രതിയെ മർദിച്ചെന്ന പേരിൽ രണ്ട് ജയിൽ ജീവനക്കാർക്കെതിരേ പോലീസ് കേസുണ്ട്.

അപസ്മാര ചികിത്സയിലുള്ള ഷെമീറിനെ സെപ്റ്റംബർ 30-ന് രാവിലെ നഗരത്തിലെ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചിരുന്നു. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇതിനിടെ ജനറൽ ആശുപത്രിയിൽനിന്ന് ഓടിപ്പോകാൻ ശ്രമിച്ച ഇയാളെ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റാതെ നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ തന്നെ ജയിൽ അധികൃതർ മാറ്റി. അന്ന് രാത്രിയിൽ ജയിൽ അധികൃതർതന്നെ പ്രതിയെ അബോധാവസ്ഥയിൽ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ഇതിനിടയിലുള്ള സമയത്താണ് ഷെമീറിന് മർദനമേറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്. അപസ്മാര രോഗിയെന്ന നിലയിൽ മെഡിക്കൽ കോളേജിൽ ആദ്യം ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ഷെമീറിനെ പരിശോധിച്ചത്. എന്നാൽ മുറിവുകൾ കണ്ട് സർജറി വിഭാഗത്തിലേക്ക്‌ റഫർ ചെയ്യുകയായിരുന്നു.

മാത്രമല്ല, ഉച്ചയ്ക്ക് ജനറൽ ആശുപത്രിയിൽനിന്ന് കൊണ്ടുപോകുമ്പോൾ ഷെമീറിന്റെ ദേഹത്ത് മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. ഷെമീർ മരിച്ചത് തല്ലും മർദനവുമേറ്റെന്ന് തെളിഞ്ഞതോടെ ഷെമീറിനെ താമസിപ്പിച്ചിരുന്ന വിയ്യൂർ ജയിലിന് കീഴിലെ അമ്പിളിക്കലയിലെ ജയിൽ ജീവനക്കാരിലേക്ക് അന്വേഷണം നീളും. ഇതിനു മുൻപ് മറ്റൊരു പ്രതിയെ മർദിച്ചെന്ന പരാതിയിൽ ഇവിടത്തെ രണ്ട് വാർഡൻമാരുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ പോലീസിനും ബന്ധുക്കൾക്കും കൈമാറും.