മലപ്പുറം: പരീക്ഷാഭവൻ 2019 മേയിൽ നടത്തിയ അറബി, ഉറുദു, സംസ്കൃതം അധ്യാപക യോഗ്യതാ പരീക്ഷകളിൽ കുറഞ്ഞമാർക്കിന് വിദ്യാർഥികൾ കൂട്ടത്തോടെ പരാജയപ്പെട്ട സാഹചര്യത്തിൽ പരീക്ഷ എഴുതാൻ ഒരവസരംകൂടി നൽകാമെന്ന് പരീക്ഷാ കമ്മീഷണർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. സർക്കാരിന്റെ അനുകൂല ഉത്തരവ് വരുന്ന മുറയ്ക്ക് വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതി ജയിക്കാമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.

മലപ്പുറം സ്വദേശി അബ്ദുൾസമദ് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ പരീക്ഷ കമ്മിഷണറിൽ നിന്ന് റിപ്പോർട്ട് വാങ്ങുകയായിരുന്നു. പരീക്ഷകൾക്ക് പുനർമൂല്യനിർണയമോ സൂക്ഷ്മപരിശോധനയോ ഇല്ല. പരീക്ഷ വീണ്ടുംനടത്താൻ സർക്കാർ ഉത്തരവ് ലഭിക്കുന്നതിനായി പൊതുവിദ്യാഭ്യാസ (ജെ) വകുപ്പിലേക്ക് ജനുവരി 24-ന് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.