മലപ്പുറം: ഇന്ത്യൻ മനോവിജ്ഞാനീയത്തെക്കുറിച്ച് പറയുന്ന പലർക്കും അറിയാത്ത കാര്യമാണ് രാജ്യത്തെ ഏക ആയുർവേദ സർക്കാർ ആശുപത്രി മലപ്പുറത്താണെന്നത്. ഇന്ന് ഒരു മനോരോഗ ഗവേഷണകേന്ദ്രം കൂടിയായി വികസിച്ച ഈ ആശുപത്രി 46-വർഷം പിന്നിടുകയാണ്. സംസ്ഥാന സർക്കാരിന്റെ കീഴിലാണ് എടരിക്കോട്ടെ ആശുപത്രി.

മനോരോഗം കൂടുന്നു

ഒരു ലോകമാനസികാരോഗ്യ ദിനം കൂടി കടന്നുപോകുമ്പോൾ നാം ആശങ്കപ്പെടേണ്ട ചില വസ്തുതകളിലേക്കാണ് ഈ മാനസികാരോഗ്യകേന്ദ്രം വിരൽചൂണ്ടുന്നത്. വർഷം ശരാശരി 400 പേർ ഇവിടെ കിടത്തിച്ചികിത്സക്കെത്തുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്ര, മുംബൈ തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്ന് രോഗികളെത്തുന്നുണ്ട്. വിദ്യാർഥികളും സ്ത്രീകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. സമൂഹത്തിൽ ചെറിയൊരു വിഭാഗമേ ആയുർവേദ മാനസികചികിത്സ തിരഞ്ഞെടുക്കുന്നുള്ളൂ. എന്നിട്ടും ഇത്രയധികം പേർ മാനസിക പ്രശ്‌നമനുഭവിക്കുന്നവരായുണ്ട് എന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്.

ചികിത്സാരീതികൾ

ശരീരം ശുദ്ധമായാൽ മനസ്സും ശുദ്ധമാവുമെന്ന സിദ്ധാന്തത്തിലൂന്നിയാണ് ചികിത്സ. പഞ്ചകർമയാണ് പ്രധാനം. രോഗിയുടെ അവസ്ഥക്കനുസരിച്ച് ധാര, തല പൊതിച്ചിൽ തുടങ്ങിയവയും ചെയ്യും. വിവിധ ഔഷധങ്ങൾ ചേർത്ത നെയ്യാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 45 ദിവസമാണ് പൊതുവെ ചികിത്സാകാലം. വീണ്ടും അസുഖം വരാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നതരത്തിലുള്ളതാണ് കൗൺസലിങ് അടങ്ങിയ ചികിത്സയെന്ന് സൂപ്രണ്ട് ഡോ.എം.പി. പാർവതീ ദേവി പറയുന്നു.

ആശുപത്രിയുടെ ചരിത്രം

1974-ൽ കോട്ടയ്ക്കൽ തോക്കാംപാറയിലാണ് ആശുപത്രി തുടങ്ങിയത്. ഒരു പഴയ വീട്ടിലായിരുന്നു തുടക്കം. പിന്നീട് പൊട്ടിപ്പാറയിൽ സ്ഥലമനുവദിച്ചതിനെത്തുടർന്ന് കെട്ടിടമുണ്ടാക്കി 1999-ൽ അവിടേക്ക് മാറി. ഇപ്പോൾ 30 കിടക്കകളോടു കൂടിയ ജനറൽവാർഡും 20 കിടക്കകളുള്ള പേവാർഡും റീഹാബിലിറ്റേഷൻ സൗകര്യവുമെല്ലാമുണ്ട്. ആയുർവേദ മനോരോഗ ചികിത്സയിൽ പി.ജിയുള്ള ഏക ആയുർവേദ കോളേജായ കോട്ടയ്ക്കൽ വി.പി.എസ്.വി. ആയുർവേദ കോളേജിന്റെ പ്രായോഗിക പരിശീലനകേന്ദ്രം കൂടിയാണിത്.

ലൈംഗികാക്രമണ ഇരകൾ കൂടുന്നു

സ്വന്തക്കാരിൽനിന്നും അധ്യാപകരിൽനിന്നും ലൈംഗികാക്രമണം നേരിട്ട് മാനസികാഘാതമുണ്ടായി ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. മറ്റൊരു വിഭാഗം മയക്കുമരുന്നിന്റെ ഇരകളാണ്. നൂറുകണക്കിന് ചെറുപ്പക്കാരാണ് ഇതിന് ചികിത്സക്കെത്തുന്നത്. സ്വന്തം പ്രശ്‌നങ്ങൾ പങ്കുവെക്കാനാരുമില്ലാതെ സമ്മർദ്ദമേറിയാണ് പലരും രോഗികളാകുന്നത്. ഏത് തിരക്കിനിടയിലും കുടുംബത്തിൽ ഒരുമിച്ചിരുന്ന് എല്ലാക്കാര്യങ്ങളും സംസാരിക്കാൻ സമയം കണ്ടെത്തണം.

(ഡോ.എം.പി. പാർവതി, സൂപ്രണ്ട്, കോട്ടയ്ക്കൽ ആയുർവേദ മനോരോഗാശുപത്രി)