അരീക്കോട് (മലപ്പുറം): മാസ്കിടുമ്പോൾ നീരാവി മൂടി കണ്ണുകാണാത്ത പ്രശ്നം പല കണ്ണടക്കാരും പറയാറില്ലേ. അത്തരക്കാർക്ക് ആശ്വാസമാകുന്ന ‘കണ്ടുപിടുത്ത’വുമായി ഇതാ സഹപാഠികളായ രണ്ട് യുവ എൻജിനീയർമാർ. അരീക്കോട് മൈത്ര സ്വദേശി കെ. അലൂഫ് ഷാഹിമും തിരുവനന്തപുരം കരമന സ്വദേശി ശരത് രാജാമണിയും.

കെട്ടിടനിർമാണ രംഗത്ത് നൂതന സാങ്കേതികവിദ്യകൾ നടപ്പാക്കി ശ്രദ്ധേയരായ ഇവർ സമാന്തരമായി പല ഗവേഷണവും നടത്താറുണ്ട്. അങ്ങനെയാണ് മാസ്കും കണ്ണടയും ‘ചേരാത്ത’ പ്രശ്നത്തിൽ ഇടപെട്ടത്.

കണ്ണടയുടെ മുകൾ ഭാഗത്ത്കൂടി ഉച്ഛ്വാസവായു കണ്ണടക്കുള്ളിൽ എത്താതിരിക്കാൻ ഈ ഭാഗത്ത് ചെറിയ ലോഹ പാളി പിടിപ്പിക്കുകയാണ് അപൂർവമാണെങ്കിലും ഇന്ന് നിലവിലുള്ള രീതി. ഇത് വിജയകരമല്ലെന്ന് മാത്രമല്ല പലർക്കും അലർജി അടക്കമുള്ള പ്രയാസങ്ങളുമുണ്ടാക്കുന്നു. ഇതിനുപകരം മാസ്കിൽ മൂക്കുമായി ചേരുന്ന ഭാഗത്ത് എട്ട് സെൻ്റീമീറ്റർ നീളത്തിലും ഒന്നര സെൻ്റീമീറ്റർ വീതിയിലുമുള്ള ഒരു സ്ട്രിപ്പ് പിടിപ്പിക്കുകയാണ് ഇവർ. വിദേശനിർമിത അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഈ സ്ട്രിപ്പ് നല്ല ചൂടുള്ള വെള്ളത്തിൽ മുക്കുന്നതോടെ കുഴച്ച് പാകപ്പെടുത്തിയ കളിമണ്ണ് പരുവത്തിലേക്ക് മാറും. ഇത് മാസ്കിൽ മൂക്കുവരുന്ന ഭാഗത്ത് പകുതി അകത്തും പകുതി പുറത്തും വരുന്ന രീതിയിൽ നീളത്തിൽ ഒട്ടിക്കണം. താങ്ങാവുന്ന ചൂടെത്തിയാൽ മാസ്ക് ധരിച്ച് സ്ട്രിപ്പ് ഒട്ടിച്ച ഭാഗം മൂക്കിനോട് ചേർത്തുപിടിക്കണം. മൂന്നുമുതൽ അഞ്ചുമിനുട്ട് വരെ ഇങ്ങനെ പിടിച്ചാൽ സ്ട്രിപ്പ് നല്ല പ്ലാസ്റ്റിക് പോലെ ഉറയ്ക്കും. മാസ്ക്‌ ധരിക്കുമ്പോൾ ഈ ഭാഗം ഉച്ഛ്വാസവായു പുറത്തുപോകാത്ത വിധം മൂക്കിനോട് ചേർന്നുനിൽക്കും. കഴുകാവുന്നതും വയറ്റിലെത്തിയാൽ പോലും പ്രശ്നങ്ങളില്ലാത്തതുമായ പ്രകൃതിക്കിണങ്ങിയ വിദേശ നിർമിത അസംസ്കൃത വസ്തുക്കൾ പാകപ്പെടുത്തി എടുത്താണ് സ്ട്രിപ്പുകൾ നിർമിക്കുന്നത്. പേറ്റൻ്റ് കിട്ടിയെന്നും ഉടൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ശരത്തും ഷാഹിമും പറഞ്ഞു. ഒരു പായ്ക്കിൽ രണ്ടുവീതം സ്ട്രിപ്പുകളാണുണ്ടാവുക. വെളുത്ത നിറത്തിലുള്ള രണ്ടു സ്ട്രിപ്പുകൾക്ക് 80 രൂപയും കറുത്ത നിറത്തിലുള്ളവയ്ക്ക് നൂറു രൂപയുമാണ് വില.