തിരുവനന്തപുരം: വാതിൽപ്പടി മാലിന്യശേഖരണം നടത്തുന്ന ഹരിതകർമസേനകൾക്ക് തദ്ദേശവകുപ്പിന്റെ മാർഗരേഖ. ക്വാറന്റീനിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ വീടുകളിൽനിന്നു മാലിന്യം ശേഖരിക്കരുത്. നിരീക്ഷണ കാലാവധി കഴിഞ്ഞശേഷം മാനില്യമെടുത്താൽ മതിയെന്നാണ് നിർദേശം.

സേനാംഗങ്ങൾ കഴിവതും പുറത്തുനിന്ന് ഭക്ഷണം കഴിക്കരുത്. സ്വയം കരുതുന്ന കുടിവെള്ളം മറ്റുള്ളവരുമായി പങ്കിടരുതെന്നും മാർഗരേഖയിൽ പറയുന്നു. കോവിഡ് രണ്ടാം തരംഗത്ത‌ിൽ വാതിൽപ്പടി ശേഖരണം നിലച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം കുന്നുകൂടുകയാണ്. ഇതേത്തുടർന്നാണ് മാലിന്യം ശേഖരിക്കാൻ മാർഗരേഖയിറക്കിയത്.

മാലിന്യം ശേഖരിക്കുന്നവർക്ക് 100 ശതമാനം കോവിഡ് പ്രോട്ടോകോൾ ഉറപ്പാക്കണമെന്നു തദ്ദേശസ്ഥപനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു. ഓരോരുത്തർക്കും മൂന്നുജോഡി യൂണിഫോം ഉറപ്പാക്കും. ഒരുദിവസം ഉപയോഗിക്കുന്നത് കഴുകാതെ പിറ്റേന്ന് ധരിക്കരുത്. മുതിർന്നവരെ ജോലിയിൽനിന്നു മാറ്റിനിർത്തണം. വാക്സിൻ എടുക്കാത്തവർക്ക് അതിനുള്ള സൗകര്യം ഒരുക്കണമെന്നും നിർദേശമുണ്ട്.