തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സെക്രട്ടറിതലസമിതി രൂപവത്കരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആദിവാസിക്കുട്ടികൾക്ക് പ്രഥമ പരിഗണന നൽകി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിളിച്ച ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുകൂടാ. കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങൾ കണ്ടെത്തി അത് ഉറപ്പാക്കാനുള്ള നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ആദിവാസിമേഖലകളിൽ ഊര് അടിസ്ഥാനത്തിൽ കുട്ടികൾക്ക് പഠിക്കാൻ സംവിധാനമൊരുക്കും. ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തികബാധ്യത താങ്ങാൻ വ്യക്തികൾ, സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവരിൽനിന്നു സഹായം സ്വീകരിക്കാം. ഇതിന് പ്രത്യേക നിധി രൂപവത്കരിക്കും.

ഇന്റർനെറ്റ് ദാതാക്കൾ ഈടാക്കുന്ന സർവീസ് ചാർജ് ഒഴിവാക്കാൻ അഭ്യർഥിക്കും. എത്ര കുട്ടികൾക്ക് സൗകര്യം വേണമെന്ന് സ്കൂൾ പി.ടി.എ.കൾ കണക്കാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.