തിരുവനന്തപുരം: സംസ്ഥാനത്ത് ജലസ്രോതസ്സും ട്രീറ്റ്മെന്റ് പ്ലാന്റുമടങ്ങുന്ന ഉദ്ഘാടനഘട്ടം പൂർത്തിയാകാതെ കുടിവെള്ള വിതരണ ശൃംഖല സ്ഥാപിക്കുന്ന പ്രവണതയുണ്ടാകില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഓരോന്നിന്റെയും നിർമാണം മുൻഗണനയനുസരിച്ചായിരിക്കും. നേരത്തേ പൈപ്പ് കുഴിച്ചിടുകയും ജലവിതരണ ഘട്ടമാകുമ്പോഴേക്കും അതെല്ലാം കേടാകുകയും ചെയ്യുന്നത് ഒഴിവാക്കാനാണിത്. ഉദ്ഘാടനഘട്ടം പൂർത്തിയാക്കാതെ വിതരണശൃംഖല ആദ്യംതന്നെ സ്ഥാപിക്കുന്ന പദ്ധതികളുണ്ടെന്ന് മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടിയതിനു മറുപടി പറയുകയായിരുന്നു മന്ത്രി.

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ മുഴുവൻ കുടിവെള്ള സ്രോതസുകളും വർഷത്തിൽ രണ്ടുതവണ പരിശോധിക്കും. പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ വേനലിൽ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകുമെന്നും പി.വി. ശ്രീനിജൻ, കെ.കെ. ശൈലജ, വി.കെ. പ്രശാന്ത്, എൻ.കെ. അക്ബർ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി അറിയിച്ചു.