തിരുവനന്തപുരം: വിവാദമായ ഇ.എം.സി.സി. കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വിദേശത്ത് ചർച്ചകൾ നടന്നിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് ഇ.എം.സി.സി.യുമായി ധാരണാപത്രം ഒപ്പുവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല.

2019-ലെ സമുദ്രമത്സ്യബന്ധന നയമനുസരിച്ച് വിദേശ കമ്പനികൾക്കും തദ്ദേശീയ കോർപ്പറേറ്റുകൾക്കും ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകാൻ സംസ്ഥാന ഫിഷറീസ് നയം അനുവദിക്കുന്നില്ല.

പന്ത്രണ്ട് നോട്ടിക്കൽമൈൽവരെയുള്ള തീരക്കടലിൽ മാത്രമേ സംസ്ഥാനത്തിന് മത്സ്യബന്ധനനിയന്ത്രണ അധികാരമുള്ളൂ. 2019-ലെ മത്സ്യബന്ധനനയത്തിൽ ഇതുവരെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ടി. സിദ്ദിഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി. തോമസ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.