തിരുവനന്തപുരം: പേവിഷബാധയ്ക്കുള്ള പ്രതിരോധമരുന്ന് സ്വന്തമായി നിർമിക്കാൻ സംസ്ഥാനം ഒരുങ്ങുന്നു. മൃഗസംരക്ഷണവകുപ്പിനുകീഴിൽ പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിലാണ് മൃഗങ്ങൾക്കും മനുഷ്യർക്കുമുള്ള റാബീസ് പ്രതിരോധമരുന്ന് ഉത്‌പാദിപ്പിക്കുക. സെൽകൾച്ചർ സാങ്കേതികവിദ്യയിലൂടെയായിരിക്കും നിർമാണം.

നബാർഡ് സാങ്കേതിക ഉപദേശകവിഭാഗമായ നാബ്‌കോൺസുമായി 2017-ൽ മൃഗസംരക്ഷണവകുപ്പ് കരാർ ഒപ്പുവെച്ച പദ്ധതിയാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. 240 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

ലോകത്താകമാനം വാക്സിൻ നിർമാണത്തിന് ഈ രീതി ഉപയോഗിക്കുന്നതിനാൽ ഭാവിയിൽ ഏത് പ്രതിരോധമരുന്നിന്റെയും നിർമാണത്തിന് ലബോറട്ടറിയെ പരിഷ്കരിക്കാം.

നിലവിൽ ഹൈദരാബാദിലെ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ്, പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്നാണ് വാക്സിൻ കൊണ്ടുവരുന്നത്. സംസ്ഥാനത്ത് വർഷം ഏകദേശം ആറുലക്ഷം ഡോസ് വാക്സിനാണ് വേണ്ടത്.

സെൽ കൾച്ചർ

വൈറസ്ബാധയ്ക്കുള്ള പ്രതിരോധമരുന്ന് നിർമാണത്തിന് സെൽ കൾച്ചർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കൃത്രിമമായി വളർത്തുന്ന മനുഷ്യകോശങ്ങളിലേക്ക് രോഗാണുവിനെ കടത്തിവിടുമ്പോൾ കോശം പ്രതിവസ്തു ഉണ്ടാക്കുന്നു. ഇതിൽനിന്നാണ് വാക്സിൻ വികസിപ്പിക്കുക. നിർവീര്യമാക്കിയ രോഗാണുവിനെ ഒരു ജീവിയിൽ കുത്തിവെച്ചാണ് മുമ്പ് വാക്സിനുകൾ നിർമിച്ചിരുന്നത്.