കൊച്ചി: കൊല്ലത്ത് വിസ്മയ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ഭർത്താവ് കിരൺ കുമാർ നൽകിയ ഹർജി തിരുത്തലുകൾ വരുത്തി സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

പേജ് നമ്പർ പോലും ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. ഷെർസി ഹർജിയിൽ തിരുത്തലുകൾ നിർദേശിച്ചത്. ജൂലായ് 26-ന് ഹർജി വീണ്ടും പരിഗണിക്കും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കൊല്ലം പോരുവഴിയിൽ കിരൺ കുമാറിന്റെ ഭാര്യ വിസ്മയയെ ജൂൺ 21-നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിരപരാധിയായ തനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ശൂരനാട് പോലീസ് കേസെടുക്കുകയായിരുന്നെന്നാണ് കിരൺ ആരോപിക്കുന്നത്.