കാനത്തൂർ (കാസർകോട്): വീട്ടമ്മയെ നായാട്ടുതോക്കുപയോഗിച്ച് വെടിവെച്ച് കൊന്നശേഷം ഭർത്താവ് റബ്ബർത്തോട്ടത്തിൽ തൂങ്ങിമരിച്ചു. കാനത്തൂർ വടക്കേക്കരയിലെ ബേബി (35) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 12-ഒാടെ വീട്ടിനുള്ളിൽ വെടിയേറ്റുമരിച്ചത്. ഭാര്യയെ വെടിവെച്ചശേഷം തോക്കുമായി വീടുവിട്ടിറങ്ങിയ സി.കെ. വിജയനെ (42) നൂറ്് മീറ്റർ മാറി റബ്ബർത്തോട്ടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

വീട്ടിൽനിന്ന് വെടിയൊച്ച കേട്ടെത്തിയ അയൽവാസി തോക്കുമായി വിജയൻ കാട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടിരുന്നു. മിനിറ്റുകൾക്കുള്ളിൽ കുന്നിൽമുകളിൽനിന്ന് വീണ്ടും വെടിയൊച്ച കേട്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് റോഡരികിലെ റബ്ബർ മരക്കൊമ്പിൽ വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്തായി നായാട്ടിനുപയോഗിക്കുന്ന തോക്കും ഉണ്ടായിരുന്നു. ആദ്യ വെടിയൊച്ചയുടെ ഉറവിടം തേടുന്നതിനിടെ അമ്മയെ അച്ഛൻ വെടിവെച്ചുകൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന കാര്യം അഞ്ചുവയസ്സുകാരനായ മകൻ സി.കെ. അഭിഷേകാണ് അയൽവാസികളെ അറിയിച്ചത്.

കാനത്തൂർ മുച്ചിരക്കുളത്തെ തറവാട്ടിൽനിന്ന് ആറുമാസം മുമ്പാണ് വിജയനും ബേബിയും വീടും സ്ഥലവും എടുത്ത് വടക്കേക്കര കോളനിയിലേക്ക് താമസം മാറിയത്. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങളായി കുടുംബത്തിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് വിജയനും ബേബിയും ആദൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതിൽ ശനിയാഴ്ച തെളിവെടുപ്പ് നടക്കാനിരിക്കെയാണ് നാടിനെ നടുക്കിയ സംഭവം.

തെങ്ങുകയറ്റത്തൊഴിലാളിയായ വിജയൻ ശനിയാഴ്ച രാവിലെ ആറുമുതൽ 11 വരെ ജോലി ചെയ്തിരുന്നു. അതിനുശേഷം വീട്ടിലെത്തിയാണ് കൊലപാതകം നടത്തിയത്. അടുക്കളയിൽ അരവുയന്ത്രത്തിൽ കറിക്കരയ്ക്കുന്നതിനിടെ പിന്നിലൂടെ എത്തിയ വിജയൻ ബേബിയുടെ ചെവിക്കു പിന്നിൽ നിറയൊഴിക്കുകയായിരുന്നു. വീടിന് പിന്നിൽ വിറകുസൂക്ഷിക്കാനായി നിർമിച്ച പുരയിലിരുന്ന് മദ്യപിച്ച്, തോക്കിൽ തിരനിറച്ചശേഷമാണ് വിജയൻ അരവുയന്ത്രത്തിന്റെ ശബ്ദമുയർന്നപ്പോൾ ബേബിക്ക് പിന്നിലെത്തിയത്. ഇടതുചെവിക്ക് പിന്നിലേറ്റ വെടിയുണ്ട ഇവരുടെ തലതുളച്ച് പുറത്തുപോയി.

ചോമന്റെയും ചോമാറുവിന്റെയും മകനാണ് വിജയൻ. സഹോദരങ്ങൾ: സുജാത, പുഷ്പ, സരസ്വതി, ഭാർഗവി, പരേതരായ ചന്ദ്രൻ, സുശീല.

ബേഡഡുക്ക കുണ്ടംകുഴി കൂവാരയിൽ കൂലിപ്പണിക്കാരായ യാദു (രാജു)- കാർത്ത്യായനി ദമ്പതിമാരുടെ മകളാണ് ബേബി. സഹോദരങ്ങൾ: സുജാത (ബളാൽ), നാരായണി (പ്ലാവുള്ളകയ, കുറ്റിക്കോൽ), സതീശൻ (ടാപ്പിങ് തൊഴിലാളി).

ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ആദൂർ ഇൻസ്‌പെക്ടർ വി.കെ. വിശ്വംഭരൻ, എസ്.ഐ. ഇ. രത്‌നാകരൻ, എ.എസ്.ഐ. പി. സുഭാഷ് എന്നിവർ സ്ഥലത്തെത്തി. അയൽവാസി അംബികയുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ആദൂർ പോലീസ് അന്വേഷണം തുടങ്ങി. ശാസ്ത്രീയ അന്വേഷണസംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ജനറൽ ആസ്പത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം ബേബിയുടെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. പരിശോധനയ്ക്കുശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിജയന്റെ മൃതദേഹപരിശോധന ഞായറാഴ്ച കാസർകോട് ജനറൽ ആസ്പത്രിയിൽ നടക്കും.