കൊച്ചി: റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച കേരളത്തിലെ സർക്കാരിനെ മാറ്റാനുള്ള ശക്തിയാകണം അടുത്ത തിരഞ്ഞെടുപ്പെന്നാണ് കെമാൽ പാഷ പറയുന്നത്. അതിനു കെൽപ്പുള്ള സംഘമെന്ന നിലയിൽ യു.ഡി.എഫ്. രാഷ്ട്രീയത്തോട് ചേർന്നു സഞ്ചരിക്കുമെന്ന് അദ്ദേഹം ‘മാതൃഭൂമി’യോട് പറഞ്ഞു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂരിൽ മത്സരിക്കണമെന്ന് യു.ഡി.എഫിലെ ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. താമസം എറണാകുളത്താണ്. ഇവിടെയുള്ള ഏതെങ്കിലും മണ്ഡലം കിട്ടിയാൽ ഞാൻ ഒരുപക്ഷേ, മത്സരിച്ചേക്കും. -അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ പല അഴിമതികളും പൊതുജനമധ്യത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് യു.ഡി.എഫാണ്. എനിക്കു ചേർന്നുനിൽക്കാവുന്ന പ്രസ്ഥാനമാണ് യു.ഡി.എഫ്. ജനപ്രതിനിധിയായാൽ അതിന്റെ ശമ്പളംപോലും എനിക്കു വേണ്ട. ഇപ്പോഴും പെൻഷൻ ലഭിക്കുന്നുണ്ട്. എനിക്കും കുടുംബത്തിനും ജീവിക്കാൻ അതുമതി.

അസഹിഷ്ണുതയാണ് ഈ സർക്കാരിന്റെ മുഖമുദ്ര. വിമർശനത്തെ നേരിടാൻ മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും താത്പര്യമില്ല. പാലം തുറന്നുകൊടുക്കാൻ എന്തിനാണ് ഇത്ര വൈകിച്ചതെന്നു മുഖ്യമന്ത്രി പറയണം.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞത് സർക്കാരിന്റെ പാലം എന്നാണ്. സർക്കാർ എന്നു പറഞ്ഞാൽ ജനങ്ങളുടേതാണ്. ഇവരുടെയൊക്കെ ധാരണ എല്ലാം അവരുടേതാണെന്നാണ്-കെമാൽ പാഷ പറഞ്ഞു.