പാലക്കാട്: കഞ്ചിക്കോട്ട് മൂന്ന് അതിഥിത്തൊഴിലാളികൾ തീവണ്ടിതട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസിനുനേരെ നടന്ന അക്രമസംഭവങ്ങളിൽ ഒമ്പത് അതിഥിത്തൊഴിലാളികളെ കസബപോലീസ് അറസ്റ്റുചെയ്തു. ബിഹാർ ചമ്പാരൻ സ്വദേശികളായ മുകുരാധൻ റാം (31), ശരബ്ജിത് റാം (23), ബിപിൻ റാം (20), ഭൂലൻ റാം (29), ഉമേഷ് പട്ടേൽ (49), മഞ്ജീത്ത് റാം (22), നഞ്ചൻ പണ്ഡിറ്റ് (21), ബ്രിജേഷ് റാം (36), ഓം പ്രകാശ് റാം (22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഐ.ഐ.ടി.ക്കുസമീപം റെയിവേട്രാക്കിൽ മൂന്ന് മറുനാടൻതൊലാളികൾ തീവണ്ടിതട്ടി മരിച്ചത്. ഐ.ഐ.ടി.യിലെ നിർമാണജോലിക്കായെത്തിയ ജാർഖണ്ഡ് സ്വദേശികളായ അരബിന്ദ് കുമാർ (23), കനായി വിശ്വകർമ്മ (21), ഹരി ഓം കുനാൽ (25) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് അതിഥിത്തൊഴിലാളികൾ രംഗത്തെത്തുകയായിരുന്നു.

അക്രമാസക്തരായ തൊഴിലാളികൾ സ്ഥലത്തെത്തിയ പോലീസിനെയും അഗ്നിരക്ഷാ ഉദ്യോഗസ്ഥരെയും കല്ലെറിയുകയും ആംബുലൻസ് തകർക്കുകയും ചെയ്തു. മൃതദേഹം വിട്ടുകൊടുക്കാൻ തയ്യാറാകാതെ മണിക്കൂറുകളോളം സംഘർഷം സൃഷ്ടിച്ചു. പാലക്കാട്ടുനിന്ന് എസ്.പി. ജി. ശിവവിക്രം, ഡിവൈ.എസ്.പി. ആർ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പോലീസുകാരെത്തി രാത്രി വൈകിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മൃതദേഹം ചൊവ്വാഴ്ച രാവിലെ ആർ.‍‍ഡി.ഒ. പി. കാവേരിക്കുട്ടിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കസബ എസ്.ഐ. വിപിൻ കെ.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സംഭവസ്ഥലത്തുനിന്ന് പകർത്തിയ മൊബൈൽ ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിയാനായത്. ഇവർക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. പ്രതികളെ പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.