കണ്ണൂർ: പോലീസിന് റിസ്ക്‌ അലവൻസ് അനുവദിക്കാത്തതിൽ സേനയ്ക്കുള്ളിൽ അമർഷം. പോലീസിന് റിസ്ക് അലവൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാറിന്‌ നൽകിയ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ രാപകൽ ഭേദമെന്യേ റോഡുകളിലും മറ്റുമായി പെടാപ്പാടിലാണ് പോലീസ്. വഴിയടച്ചും മറ്റു കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയും തങ്ങൾ നടത്തിയ ശ്രമങ്ങളാണ് ഒരുപരിധിവരെ കൊറോണ വൈറസ് വ്യാപനത്തിന് പ്രതിരോധം തീർത്തതെന്ന്‌ പോലീസ്‌ പറയുന്നു. അതിന് മിക്കയിടങ്ങളിൽനിന്നും പഴിയും കേട്ടിട്ടുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവരെ സന്ദർശിക്കുകയും പട്രോളിങ് നടത്തുകയും ഇപ്പോൾ പോലീസിന്റെ ജോലിയാണ്. കഴിഞ്ഞദിവസമാണ്‌ കണ്ണൂരിൽ ഡിവൈ.എസ്‌.പി.യടക്കം 28 പേർ ക്വാറന്റീനിൽ പോയത്‌. പോലീസ് പിടികൂടിയ വധശ്രമക്കേസ്‌ പ്രതിക്ക് കോവിഡ്‌ സ്ഥിരീകരിച്ചതിനെത്തുടർന്നാണിത്.

സ്വന്തം വാഹനമുപയോഗിച്ച് പട്രോളിങ് നടത്താനാണ് പോലീസിന് നിർദേശം. ഇത്തരം ജോലിയിലേർപ്പെട്ടിരിക്കുന്നവർ ഒരുകാരണവശാലും സ്റ്റേഷനിൽ പ്രവേശിക്കരുതെന്നതിനാൽ മിക്കവരും പുറത്തുതന്നെയാണ്. അവധിപോലും ലഭിക്കുന്നില്ല. പലരും സ്വന്തം പണം മുടക്കി പെട്രോളടിച്ച് വാഹനമോടിച്ചാണ് ജോലിചെയ്യുന്നത്. പെട്രോൾ ബില്ലുകൾ മാസാമാസം സ്റ്റേഷനിൽ ഏല്പിച്ചാൽ തുക ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടുമാസത്തെ തുക മിക്കവർക്കും കിട്ടിയിട്ടില്ല. ഓരോമാസവും ആറായിരത്തോളം രൂപ മുടക്കിയാണ് പെട്രോളടിക്കുന്നത്. ശമ്പളത്തിൽനിന്നുള്ള ഒരുഭാഗം കോവിഡ് സഹായനിധിയിലേക്കും മറ്റൊരു ഭാഗം വാഹനത്തിന് ഇന്ധനം നിറയ്ക്കാനും ഉപയോഗിക്കുന്നതിനാൽ ഒരുരൂപപോലും മിച്ചം പിടിക്കാൻ കഴിയുന്നില്ലെന്നതാണ് പോലീസ് ഓഫീസർമാരുടെ പരിദേവനം. വീട്, വാഹനവായ്പകളെടുത്തവർ കൂടുതൽ പ്രയാസമനുഭവിക്കുകയാണ്.

താമസസ്ഥലത്തിനടുത്ത് നിയോഗിക്കണം

പോലീസുകാരെ താമസസ്ഥലത്തിന്റെ പത്തോ പതിനഞ്ചോ കിലോമീറ്ററിനുള്ളിലുള്ള പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് ജോലിക്ക്‌ നിയോഗിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. പൊതുഗതാഗത സംവിധാനമുപയോഗിച്ച് ജോലിക്ക്‌ വരരുതെന്ന് മേലുദ്യോഗസ്ഥർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും യാത്രാസംവിധാനങ്ങൾ ഒന്നും ഒരുക്കാത്തതും സേനയ്ക്കുള്ളിൽ അമർഷത്തിന്‌ കാരണമാവുന്നുണ്ട്.