കരിപ്പൂർ: കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനം പൊളിച്ചുനീക്കും. ഇതിനുള്ള ആദ്യഘട്ട നടപടികൾക്ക് എയർ ഇന്ത്യ തുടക്കംകുറിച്ചു. മുംബൈയിൽനിന്നെത്തിയ എയർ ഇന്ത്യയുടെ പ്രത്യേക എൻജിനീയറിങ് വിഭാഗമാണ് വിമാനം പൊളിച്ചുനീക്കുന്നത്.

തകർന്ന വിമാനത്തിന്റെ ബാറ്ററികൾ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഞായറാഴ്ച നീക്കംചെയ്തത്‌. എയർ ഇന്ത്യ ആസ്ഥാനത്തുനിന്ന്‌ മൂന്നു വിമാനങ്ങളിലായാണ് പ്രത്യേക എൻജിനീയറിങ്, സെക്യൂരിറ്റി വിഭാഗങ്ങൾ കരിപ്പൂരിലെത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് വിമാനം പൊളിക്കുന്ന നടപടികൾ സ്വീകരിക്കുക.

ആയിരം കോടിയോളം രൂപയാണ് തകർന്ന ബോയിങ് 777-800 വിമാനത്തിന്റെ വില. പ്രത്യേകരീതിയിലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഈ വിമാനം നിർമിച്ചത്. അതിനാൽ തകർന്ന വിമാനം അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കുക ദുഷ്‌കരമാണ്. പൊളിച്ചുനീക്കുകയല്ലാതെ മറ്റൊരുതരത്തിലും വിമാനം അപകടസ്ഥലത്തുനിന്ന് നീക്കംചെയ്യാനും കഴിയില്ല.

വിമാനത്തിന്റെ എൻജിനുകൾ ഉയർത്തിയെടുക്കുക എന്നതാണ് വലിയ വെല്ലുവിളി. റൺവേയ്ക്കും ചുറ്റുമുള്ള പുറംഭാഗത്തെ റോഡിനുമിടയിലെ കനാലിലാണ് വിമാനത്തിന്റെ യന്ത്രങ്ങൾ മൂക്കുകുത്തിക്കിടക്കുന്നത്. ഇത് ഉയർത്തിയെടുക്കുക എന്നത് ഏറെ ശ്രമകരമാകും. എൻജിനുകൾ വിശദപരിശോധനയ്ക്കും വിധേയമാക്കും.

വിമാനാപകടങ്ങളിൽ അപകടകാരണമറിയാൻ പ്രധാനമായും ആശ്രയിക്കുന്നത് ബ്ലാക്ക്ബോക്സുകൾ എന്നറിയപ്പെടുന്ന ഡാറ്റാവോയ്സ് റെക്കോർഡുകളെയാണ്. ശേഷിക്കുന്ന പരിശോധനകളെല്ലാംതന്നെ ഡി.ജി.സി.എയുടെയും എയർ ഇന്ത്യയുടെയും അന്വേഷണവിഭാഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.