പെട്ടിമുടി: കേരളത്തിന്റെ മുഖ്യമന്ത്രി ദുരന്തമുഖങ്ങളിൽ സെലക്ടീവ് ആകരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർക്ക് സഹായധനം നൽകുന്നതിൽ സർക്കാർ വിവേചനം കാട്ടിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കരിപ്പൂരിലായാലും പെട്ടിമുടിയിലായാലും മനുഷ്യജീവന് ഒരേ വിലയാണ്. ജീവൻ നഷ്ടപ്പെടുന്ന ആളുകളുടെ ബന്ധുക്കൾക്ക് ആശ്വാസം പകരുക എന്നതാണ് മുഖ്യം. രണ്ടിടത്ത് രണ്ടു സമീപനങ്ങൾ ശരിയല്ല. സർക്കാർ ശരിയായ തീരുമാനം കൈക്കൊള്ളണം.

കരിപ്പൂരിൽ പോയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തേണ്ടതായിരുന്നു. പ്രധാനമന്ത്രിവരെ പെട്ടിമുടി ദുരന്തത്തിൽ അനുശോചിച്ചു. രണ്ടു സ്ഥലങ്ങളിലും താൻ പോയത് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ്. കരിപ്പൂരിലെ അപകടമുണ്ടായില്ലായിരുന്നെങ്കിൽ നേരത്തേതന്നെ ഇവിടെ എത്തുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.