തിരുവനന്തപുരം: നവംബർ രണ്ടാംവാരം ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിന് സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും ഒരുക്കം തുടങ്ങി. തീർഥാടകർ കുറയുമെന്ന ആശങ്കയുണ്ടെങ്കിലും പൂർണതോതിലുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.

തിങ്കളാഴ്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടക്കും. പിന്നീട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ആലോചനാ യോഗം നടക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുന്ന പതിവുമുണ്ട്.

തീർഥാടകർക്ക് അടിസ്ഥാന സൗകര്യമൊരുക്കാനാണ് മുൻതൂക്കമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ഇടത്താവളങ്ങളിലും ബേസ് ക്യാമ്പായ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ലേലനടപടികൾ ദേവസ്വംബോർഡ് ആരംഭിച്ചിട്ടുണ്ട്.

ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) നടക്കേണ്ട മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് മാറ്റിവെച്ചു. ഇനി തുലാമാസ പൂജകൾക്ക് നടതുറക്കുമ്പോഴേ നറുക്കെടുപ്പ് നടക്കൂ.