കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ് വാങ്ങിയ കമ്മിഷൻ ആർക്കുവേണ്ടിയായിരുന്നു, ഇതിന്റെ പങ്കുപറ്റിയവർ ആരൊക്കെയാണ് എന്നതുകൂടി പുറത്തുവരണമെന്ന് യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ എം.പി.

കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച ഇരുപത് കോടിയിൽനിന്ന് ഒരുകോടി രൂപ സ്വപ്നയുടെയും ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലുള്ള ലോക്കറിൽ സൂക്ഷിച്ചെന്ന വാർത്ത ഞെട്ടലുളവാക്കുന്നതാണെന്ന് യു.ഡി.എഫ്. കൺവീനർ പറഞ്ഞു. എൻ.ഐ.എ. കോടതിയിൽ പറഞ്ഞ കാര്യങ്ങളും ഇതുമായി ചേർത്തു വായിക്കുമ്പോൾ ഏറെ ദുരൂഹതയുണ്ട്.

പ്രളയ ദുരിതാശ്വാസത്തിനായി റെഡ് ക്രസന്റ് ഭാരവാഹികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ലൈഫ് മിഷൻ സി.ഇ.ഒ.യുമായി ധാരണാപത്രം ഒപ്പിട്ടത്. പണത്തിന്റെ കമ്മിഷൻ ആരെങ്കിലും കൈപ്പറ്റിയെങ്കിൽ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. സർക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതിയുടെ പേരിൽ പിരിച്ച തുകയിൽനിന്ന് ഒരുകോടി രൂപ കമ്മിഷൻ വാങ്ങിയത് ആർക്കുവേണ്ടിയായിരുന്നു എന്നു വ്യക്തമാക്കണം.

പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിപറയാതെ രോഷാകുലനാകുന്ന മുഖ്യമന്ത്രി ബോധപൂർവം പലതും ഒളിക്കാൻ ശ്രമിക്കുന്നു. എത്ര രോഷപ്രകടനം നടത്തിയാലും ജനരോഷത്തിൽനിന്നു രക്ഷപ്പെടാൻ കഴിയില്ല- ബെന്നി ബെഹനാൻ പറഞ്ഞു.