തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകാർഡുടമകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് റേഷൻ വ്യാപാരികളുടെ കമ്മിഷൻ ഏഴുരൂപയാക്കി. കിറ്റ് ഒന്നിന് അഞ്ചുരൂപ നൽകാനായിരുന്നു നേരത്തേയുള്ള തീരുമാനം. അധികജോലിയെന്നതു കണക്കിലെടുത്താണ് വ്യാപാരികൾക്ക് കമ്മിഷൻ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതിന് ചെലവാകുന്ന പണം സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഹിക്കും. കിറ്റ് കൂടാതെ അധികമായി അനുവദിച്ച അരിയും വിതരണം ചെയ്തിരുന്നു.

അഞ്ചുരൂപ മതിയാകില്ലെന്നും കമ്മിഷൻ കൂട്ടണമെന്നും റേഷൻ വ്യാപാരികളുടെ സംഘടന ഓൾ കേരള റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് വർധന.

അടച്ചിടൽ ഉണ്ടാക്കിയ പ്രതിസന്ധിക്ക് ആശ്വാസമായാണ് എല്ലാ കാർഡുടമകൾക്കും ആയിരത്തോളം രൂപ വിലവരുന്ന അതിജീവനക്കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചത്. കോവിഡ് വ്യാപനം തുടരുന്നതിനാലും തൊഴിൽമേഖല സ്തംഭിച്ചതിനാലും ഓണത്തിനും ഭക്ഷ്യക്കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.