തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതി എം.ആർ. ബിജുലാലിന് യൂസർ ഐ.ഡി.യും പാസ്‌വേഡും ലഭിച്ചത് മുൻ ട്രഷറി ഓഫീസറിൽനിന്നുതന്നെയെന്ന് അന്വേഷണ സംഘം. കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലിലാണ് മുൻ ട്രഷറി ഓഫീസർ ഭാസ്‌കരൻ ഇക്കാര്യം അന്വേഷണസംഘത്തെ അറിയിച്ചത്.

ഭാസ്‌കരന്റെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് ബിജുലാൽ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. താൻ ഓഫീസിലില്ലാതിരുന്ന മാർച്ച് 30-ന് അക്കൗണ്ട് ക്ലോസ് ചെയ്യാൻ ബിജുലാലിനെ ഫോണിൽ വിളിച്ച് തന്റെ യൂസർ ഐ.ഡി.യും പാസ്‌വേഡും നൽകിയതായി ഭാസ്കരൻ പോലീസിനോടു പറഞ്ഞു. ബിജുലാലിനെ വിശ്വാസമായിരുന്നതിനാൽ പാസ്‌വേഡ് മാറ്റിയതുമില്ല. തട്ടിപ്പ് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജുലാൽ പണംതട്ടിയ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഭാര്യ സിമിയും സഹോദരി ബിന്ദുവും അന്വേഷണ സംഘത്തോടു പറഞ്ഞത്. കുടുംബസ്വത്ത് വിൽക്കാൻ മുൻകൂർ തുകയായി ബിജുലാൽ അഞ്ചര ലക്ഷം രൂപ തനിക്കു നൽകിയെന്നും ബിന്ദു അന്വേഷണസംഘത്തെ അറിയിച്ചു. ബിജുലാൽ പണംെവച്ച് റമ്മി കളിച്ചിരുന്ന കാര്യമല്ലാതെ മറ്റൊന്നും തനിക്ക് അറിയില്ലെന്ന് ഭാര്യ സിമിയും അറിയിച്ചു.

കസ്റ്റഡി അപേക്ഷയുടെ അടിസ്ഥാനത്തിൽ ബിജുലാലിനെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയേക്കും. അതിനുശേഷം വിശദമായി ചോദ്യംെചയ്യുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.ആർ. സുൽഫിക്കർ പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥന്റെ സാമ്പത്തിക ക്രമക്കേടായതിനാൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ തീരുമാനമുണ്ട്. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നു.