തൃശ്ശൂർ: കോവിഡ് കാലത്ത് എല്ലാവകുപ്പുകളും നഷ്ടക്കണക്ക് പറയുമ്പോൾ ജയിൽവകുപ്പിന് പറയാനുള്ളത് വരുമാനനേട്ടം. അന്തേവാസികളെ കോടതിയിൽ നേരിട്ട് ഹാജരാക്കാതെ വീഡിയോ കോൺഫറൻസ് വഴി നടപടി പൂർത്തിയാക്കിയതിൽ മാത്രം കോടികളാണു ലാഭം.

ഇക്കാലയളവിൽ 40,000 കോടതി നടപടികളാണ് വീഡിയോ കോൺഫറൻസിലൂടെ നടത്തിയത്. ഒരു അന്തേവാസിയെ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ഒരുദിവസം ഭക്ഷണബത്ത 100 രൂപയാണ്. ഈയിനത്തിൽ മാത്രം 40 ലക്ഷംരൂപ ലാഭം. അന്തേവാസിയുടെ യാത്രക്കൂലി, അകമ്പടി പോകുന്ന പോലീസുകാരുടെ ഭക്ഷണച്ചെലവ്, യാത്രാബത്ത, മറ്റു ചെലവുകൾ തുടങ്ങിയവ കണക്കാക്കുമ്പോൾ മൂന്നുകോടിയോളംരൂപ ലാഭിച്ചതായാണ് ജയിൽവകുപ്പിന്റെ കണക്ക്.

അതിസുരക്ഷാ ജയിലിൽ കഴിയുന്നവരേയും എൻ.ഐ.എ. കേസുള്ള അന്തേവാസികളേയും കോടതിയിൽ ഹാജരാക്കുമ്പോൾ അകമ്പടി വാഹനവും പോകേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കേസുകളുള്ള 500-ൽപ്പരം പേരും കേരളത്തിലെ ജയിലുകളിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കാനുള്ള ഭീമമായ ചെലവും ലഭിക്കാനായി.

കോവിഡ് കാലത്ത് സംസ്ഥാനത്തെ നാല് ജയിലുകളിൽ ആരംഭിച്ച പെട്രോൾപമ്പ് വഴി വകുപ്പിന് വൻ വരുമാനവുമുണ്ട്. ഓരോ പമ്പുകളിലും പ്രതിദിനം അഞ്ചുലക്ഷംരൂപയുടെ വിൽപ്പന നടക്കുന്നു. പമ്പുകളിലെ ജീവനക്കാർ ജയിൽ അന്തേവാസികൾ ആയതിനാൽ കൂലിയിനത്തിലും ലാഭമുണ്ട്. ഈ വർഷം 100 കോടിയുടെ വിൽപ്പനയാണ് നാലു പമ്പുകളിൽനിന്ന്‌ ലക്ഷ്യമിടുന്നത്.