തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി ഉടൻ ആവശ്യപ്പെട്ടാൽ സെക്രട്ടേറിയറ്റിൽനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ നൽകാനാവില്ല. ദൃശ്യങ്ങൾ പകർത്താൻ ആവശ്യത്തിന് സംഭരണ സംവിധാനമില്ലാത്തതും സാങ്കേതിക ജ്ഞാനമുള്ളവരുടെ കുറവുമാണ് കാരണം.

എൻ.ഐ.എ. ആവശ്യപ്പെട്ട കാലയളവിലെ ദൃശ്യങ്ങൾ അവസാന ദിവസത്തിൽനിന്ന് പിന്നോട്ട് പകർത്തിത്തുടങ്ങിയെങ്കിലും അടുത്തെങ്ങും പൂർത്തിയാക്കാനാവില്ലെന്നാണു വിവരം. ദൃശ്യങ്ങൾ ആവശ്യമാകുന്ന പക്ഷം രണ്ടുദിവസത്തെ മുൻകൂർ അറിയിപ്പോടെ അന്വേഷണസംഘം എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.

എൻ.ഐ.എ. ആവശ്യപ്പെട്ട ദൃശ്യങ്ങൾ പകർത്താൻ 400 ടി.ബി. ഹാർഡ് ഡിസ്‌ക് വേണ്ടിവരും. ഇവിടെ ലഭ്യമല്ലാത്തതിനാൽ വിദേശത്തുനിന്ന് ഹാർഡ് ഡിസ്‌ക് വാങ്ങാൻ അനുമതി വേണമെന്ന് പൊതുഭരണവകുപ്പ് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകി.

അത് ലഭിച്ചശേഷമേ ദൃശ്യങ്ങൾ പകർത്തൂ എന്നാണ് ലഭിക്കുന്ന വിവരം. ഇത്രയധികം ഡേറ്റ പകർത്താൻ സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരുടെ കുറവും ജോലികൾ വൈകിപ്പിക്കും.

സ്വർണക്കടത്ത് കേസിലെ പ്രതികൾ എം. ശിവശങ്കറിന്റെ ഓഫീസിലും സെക്രട്ടേറിയറ്റിൽ മറ്റിടങ്ങളിൽ എവിടെയെങ്കിലും എത്തിയിരുന്നോ എന്നതിനുള്ള തെളിവ് ശേഖരിക്കാനാണ് എൻ.ഐ.എ. സംഘം ക്യാമറാ ദൃശ്യങ്ങൾ വേണ്ടിവരുമെന്ന് അറിയിച്ചത്.