തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടേത് ആർ.എസ്.എസിനെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയനിലപാടാണെന്ന് ആവർത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വ്യക്തിപരമായല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് വിമർശിക്കുന്നത്. ബന്ധുക്കളുടെ പശ്ചാത്തലം നോക്കിയല്ല, അദ്ദേഹം സ്വീകരിച്ച നിലപാടുകൾ നോക്കിയാണ് വിമർശം. തങ്ങളുടെ അനുകൂലികളെ ഭരണത്തിലെത്തിക്കുകയെന്നത് ആർ.എസ്.എസിന്റെ ഗൂഢലക്ഷ്യമാണെന്നും കോടിയേരി പറഞ്ഞു.

ആർ.എസ്.എസിന് കേരളത്തിൽ ദീർഘകാലപദ്ധതിയാണ്. കോൺഗ്രസ് അധികാരത്തിൽവന്നാൽ അവരുടെ ലക്ഷ്യം ഭാവിയിൽ പൂർത്തീകരിക്കാനാകും. ഇതിന്റെ ഭാഗമാണ് കോൺഗ്രസ്-ബി.ജെ.പി. ഒത്തുകളി. രമേശ് ചെന്നിത്തലയുടെ സുരക്ഷാ ഉദ്യോഗസ്ഥൻപോലും മുൻ ആർ.എസ്.എസ്. ജില്ലാ ശാരീരിക് പ്രമുഖ് ആയിരുന്നു. ചെന്നിത്തല ആവശ്യപ്പെട്ടതനുസരിച്ചാണ് ഇദ്ദേഹത്തെ നിയമിച്ചത്. അക്കാര്യം കോൺഗ്രസ് പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.

ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ആർ.എസ്.എസ്. പ്രതികളായ കേസിൽ യു.എ.പി.എ. ഒഴിവാക്കിക്കൊടുത്തു. കേസിൽ പ്രതിയായ ഒരാൾക്ക് പോലീസിൽ നിയമനംകിട്ടാൻ കേസുതന്നെ പിൻവലിച്ചെന്നും കോടിയേരി പറഞ്ഞു.

സി.പി.എം.-ബി.ജെ.പി. ബന്ധമെന്ന മുല്ലപ്പള്ളിയുടെ ആരോപണം വിഡ്ഢിത്തമാണ്. സി.പി.എമ്മിന്റെ 300 പ്രവർത്തകരെ കൊലപ്പെടുത്തിയ സംഘടനയാണ് ആർ.എസ്.എസ്. മുല്ലപ്പള്ളി പറയുന്നത് നുണയാണ്. മുല്ലപ്പള്ളി ആദ്യം ലോക്‌സഭയിലെത്തിയത് കണ്ണൂരിൽനിന്ന് ആർ.എസ്.എസ്. പിന്തുണയോടെയാണെന്നും കോടിയേരി പറഞ്ഞു.