തിരുവനന്തപുരം: വിവാദങ്ങൾക്കുപിറകെപ്പോകാതെ വികസനപദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിന്‌ വഴികാട്ടുകയാണ് സർക്കാർ ചെയ്യുന്നത്. എന്നാൽ, വഴിമുടക്കികളാണ് പ്രതിപക്ഷം. സർക്കാരിന്റെ ശ്രമത്തിലുണ്ടാകുന്ന നേട്ടം ഇല്ലാതാക്കാനാണ് വിവാദങ്ങളുണ്ടാക്കുന്നത്. ഇത് തുറന്നുകാണിക്കാനും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനുമാണ് സി.പി.എം. സംസ്ഥാനസമിതി തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.

ദുരന്തങ്ങൾ ഏറ്റുവാങ്ങുമ്പോഴും സാമ്പത്തികവളർച്ച കൈവരിക്കാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. അത് ഇടതുപക്ഷസർക്കാരിന്റെ ബദൽനയംകൊണ്ടാണ്. ഇത്‌ ഇല്ലാതാക്കാനാണ് യു.ഡി.എഫും ബി.ജെ.പി.യും ശ്രമിക്കുന്നത്.

അയോധ്യയിൽ ക്ഷേത്രംസ്ഥാപിക്കാൻ ട്രസ്റ്റിനാണ് സുപ്രീംകോടതി അനുമതി നൽകിയത്. അത് കേന്ദ്രസർക്കാർ ഏറ്റെടുത്തത് കോടതിവിധിയുടെ ലംഘനമാണ്. പള്ളിപൊളിച്ചതിന് മുൻകാല പ്രാബല്യത്തോടെ ന്യായീകരണം നൽകുകയാണ് പ്രധാനമന്ത്രി. ഇതിനൊപ്പം നിൽക്കുന്നതാണ് കോൺഗ്രസിന്റെ നിലപാടും. മൃദുഹിന്ദുത്വനിലപാടാണ് കോൺഗ്രസിന്റേത്. രാഹുൽഗാന്ധി മുതൽ കെ. മുരളീധരൻവരെ അതിനെ പിന്തുണച്ചു.

ലീഗിന്റെ നിലപാട് മുസ്‌ലിങ്ങളെ വഞ്ചിക്കുന്നതാണ്. സമ്പന്നവർഗത്തിന്റെ താത്പര്യം സംരക്ഷിക്കുകയാണ് ലീഗ്. സാധാരണമുസ്‌ലിങ്ങളുടെ നിലപാടല്ല ലീഗിന്റേത്. മുസ്‌ലിംവിഭാഗത്തിലേതടക്കം മതനിരപേക്ഷ ശക്തികളെ അണിനിരത്താൻ സി.പി.എം. മുൻകൈയെടുക്കും. ഓഗസ്റ്റ് 20 മുതൽ 26 വരെയാണ് ദേശീയ പ്രക്ഷോഭപരിപാടികൾ കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തിട്ടുള്ളത്. ഇത് ഏറ്റെടുത്തുകൊണ്ട് 23-ന് വീടുകളിലും പാർട്ടി ഓഫീസുകളിലും അരമണിക്കൂർ സത്യാഗ്രഹം നടത്താൻ സംസ്ഥാനസമിതി തീരുമാനിച്ചു.

അഞ്ചുലക്ഷം കേന്ദ്രങ്ങളിൽ 20 ലക്ഷം അംഗങ്ങൾ പങ്കെടുക്കുന്ന സമരമാകും ഇതെന്നും കോടിയേരി പറഞ്ഞു.