തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ നിലവിലുള്ള ഭരണസമിതികളുടെ വികസനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഡോക്യുമെന്ററി നിർമിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ട് ഉപയോഗിച്ചായിരിക്കുമിത്. ഡോക്യുമെന്റേഷൻ എന്നേ പറയുന്നുള്ളൂവെങ്കിലും അടുത്തുവരുന്ന തദ്ദേശതിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് വീഡിയോ നിർമാണം.

വികസനപ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യാൻ ഒരുലക്ഷം രൂപവീതമാണ് അനുവദിച്ചിരുന്നത്. എന്നാലിപ്പോൾ ഓരോ തദ്ദേശസ്ഥാപനത്തിനും ചെലവിടാവുന്ന തുക ഒരുലക്ഷം മുതൽ അഞ്ചുലക്ഷംവരെയാക്കി. സംസ്ഥാനത്ത് 941 ഗ്രാമപ്പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറ്‌ കോർപ്പറേഷനുകളുമാണുള്ളത്. 14 ജില്ലാപഞ്ചായത്തും.

ഇവയുടെയെല്ലാം വീഡിയോ ഡോക്യുമെന്ററി നിർമാണത്തിന് വലിയൊരു തുകയാണ് സർക്കാർ ചെലവിടുന്നത്. ജൂണിൽ ചേർന്ന വികേന്ദ്രീകൃത സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനമാണ് സർക്കാർ നടപ്പാക്കുന്നത്. മുൻഭരണസമിതികളുടെ പ്രവർത്തനങ്ങളുമായി താരതമ്യത്തിന് ഉപയോഗിക്കാവുന്ന ഡോക്യുമെന്ററിയിൽ ഇപ്പോഴത്തെ ഭരണസമിതി കൈവരിച്ച നേട്ടങ്ങൾക്കായിരിക്കും മുൻഗണന.

ചെലവിടുന്ന തുക ഇങ്ങനെ

ഗ്രാമപ്പഞ്ചായത്ത് ഒരുലക്ഷം

ബ്ലോക്ക് പഞ്ചായത്ത് 2.50 ലക്ഷം

മുനിസിപ്പാലിറ്റി 2.5 ലക്ഷം

ജില്ലാപഞ്ചായത്ത് അഞ്ചുലക്ഷം

കോർപ്പറേഷൻ അഞ്ചുലക്ഷം