മാവേലിക്കര :സിവിൽ സർവീസസ് പരീക്ഷയിൽ 135-ാം റാങ്കു നേടി രണ്ടാഴ്ച പിന്നിടുംമുമ്പാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഒന്നാംറാങ്ക് എസ്. മാലിനിയെ തേടിയെത്തിയത്. രണ്ടു പരീക്ഷയും ഒരേ കാലയളവിലായതിനാൽ കെ.എ.എസിനു പ്രത്യേകപരിശീലനം വേണ്ടിവന്നില്ലെന്ന് മാലിനി പറയുന്നു. കേരളചരിത്രം, കേരള ഭൂമിശാസ്ത്രം, മലയാളസാഹിത്യം, കേരള ഇക്കോണമി എന്നിവ പരീക്ഷയ്ക്ക് ഒരാഴ്ചമുമ്പ് മാത്രം പ്രത്യേകം പഠിച്ചു. സിവിൽ സർവീസസിന് ഒൻപതു പേപ്പറും കെ.എ.എസിനു മൂന്ന് പേപ്പറുമാണുള്ളത്.

ചിട്ടയായ പഠനം

അന്തർദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിമുഖത്തിന് അധികവും ഉണ്ടായത്. രണ്ടു പരീക്ഷയ്ക്കും ചിട്ടയായ പഠനമാണു പിന്തുടർന്നത്. പരീക്ഷത്തലേന്നു വരെയുള്ള സമയം കൃത്യമായി വിഭജിച്ച് ടൈംടേബിൾ തയ്യാറാക്കിയിരുന്നു. പലതവണ മോക് ഇന്റർവ്യൂവിൽ പങ്കെടുത്തതു സഹായകരമായി. പരിശീലനത്തിനു പോയില്ലെങ്കിലും മാർഗദർശികളായി അഞ്ച് അധ്യാപകരുണ്ടായിരുന്നു.

കവിത ചൊല്ലി അഭിമുഖം

ഇന്ത്യൻ ജുഡീഷ്യറിയിലെ കൊളീജിയൽ സംവിധാനത്തെപ്പറ്റിയുളള അഭിപ്രായം, ഉന്നതനീതിപീഠം ഇംഗ്ലീഷ് മാത്രം ഉപയോഗിക്കുന്നതിനാൽ താഴെത്തട്ടിലുള്ളവരെ ഒഴിവാക്കുന്നതായി തോന്നുന്നുണ്ടോ, യു.എൻ. പോലെയുള്ള അന്താരാഷ്ട്ര സംഘടനകൾ അഫ്ഗാനിസ്താൻ പ്രശ്നത്തിൽ ഇടപെട്ടത് വിജയത്തിലെത്തിയോ ഇല്ലെങ്കിൽ എന്താണു കാരണം, ആഗോള ഭീകരവാദം ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു, ഇന്ത്യയുടെ ഒളിമ്പിക്സിലെ നിലവാരം എങ്ങനെ മെച്ചപ്പെടുത്താം, നിങ്ങളെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തയാക്കുന്നവ എന്തെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തിനുണ്ടായത്.

അഭിമുഖത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഇംഗ്ലീഷിൽ മറുപടി പറഞ്ഞപ്പോൾ മലയാളം മറന്നുപോയില്ലെങ്കിൽ രണ്ടുവരി കവിത ചൊല്ലാൻ ആവശ്യപ്പെട്ടു. ഒ.എൻ.വി. യുടെ ‘അമ്മ’ എന്ന കവിതയാണ് ചൊല്ലിയത്.

ലക്ഷ്യം ഐ.എഫ്.എസ്.

കെ.എ.എസി.ൽ ഒന്നാം റാങ്കു നേടിയെങ്കിലും ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്.) കിട്ടിയാൽ സിവിൽ സർവീസസിലേക്കു പോകാനാണു താത്പര്യം. ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും ലിംഗ്വിസ്റ്റിക്സിൽ ബിരുദാനന്തരബിരുദവും നേടി. 2020-ൽ ഹൈക്കോടതിയിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി. അവധിയെടുത്താണു പഠിച്ചത്.

സാഹിത്യകാരൻ പരേതനായ പ്രൊഫ. എരുമേലി പരമേശ്വരൻപിള്ളയുടെ ചെറുമകളും മാവേലിക്കര ചെട്ടിക്കുളങ്ങര കൈതവടക്ക് പ്രതിഭയിൽ അഭിഭാഷകൻ പി. കൃഷ്ണകുമാറിന്റെയും റിട്ട. അധ്യാപിക ശ്രീലതയുടെയും മകളുമാണ്. നന്ദിനി സഹോദരിയാണ്.