കോന്നി(പത്തനംതിട്ട) : മുന്നാക്ക സമുദായത്തിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാനുള്ള വരുമാനപരിധി ഉയർത്തി. സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ വഴിയാണ് കേരളത്തിൽ അപേക്ഷകൾ സ്വീകരിക്കുന്നത്.

കേന്ദ്രസർക്കാർ നൽകുന്ന അംബേദ്കർ മെമ്മോറിയൽ പ്രീ മെട്രിക് സ്‌കോളർഷിപ്പിനുള്ള വരുമാനപരിധി രണ്ടരലക്ഷം രൂപവരെയായി വർധിപ്പിച്ചു. രണ്ടരലക്ഷം രൂപവരെ പ്രതിവർഷ വരുമാനമുള്ള മുന്നാക്ക സമുദായത്തിലെ കുടുംബത്തിൽപ്പെട്ടവർക്ക് ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാം. നേരത്തെ ഒരുലക്ഷം രൂപയായിരുന്നു വാർഷിക വരുമാന പരിധിയായി നിശ്ചയിച്ചിരുന്നത്.

സർക്കാർ വിദ്യാലയങ്ങളിൽ പ്ലസ്‌വൺ മുതൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അംബേദ്കർ മെമ്മോറിയൽ പ്രീ മെട്രിക് സ്‌കോളർഷിപ്പിന് അർഹത. 2020-21 വർഷം മൂന്നുകോടി 45 ലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ചിരുന്നത്. മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, പ്ലസ്‌വൺ മുതൽ പി.എച്ച്ഡി വരെയുള്ള കുട്ടികൾക്ക് നൽകുന്ന വിദ്യാസമുന്നതി സ്‌കോളർഷിപ്പിന്റെയും വിദ്യാസമുന്നതി കോച്ചിങ് സഹായ പദ്ധതിയുടെയും അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാനപരിധി നാലുലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇതിനുള്ള പരിധി രണ്ടുലക്ഷം രൂപയായിരുന്നു.

മെഡിസിൻ, എൻജിനീയറിങ്, പി.എസ്‌.സി., യു.പി.എസ്‌.സി., സിവിൽ സർവീസ്, ബാങ്കിങ് പരിശീലനത്തിന് ചേരുന്നവർക്ക് ഇത് ഫീസ് സഹായമായി ലഭിക്കും. സംസ്ഥാനസർക്കാർ, 164 സമുദായങ്ങളെയാണ് മുന്നാക്ക വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്നത്.

വനിതാസ്വയംസഹായ സംഘങ്ങൾക്ക് വായ്പയുടെ മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നൽകുന്നുണ്ട്. ആട്, പശുവളർത്തൽ എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള വനിതകൾക്ക് 30 ശതമാനം മൂലധന സബ്‌സിഡി നൽകുന്നു. ഈ വർഷം 96 ഇടങ്ങളിൽക്കൂടി തൂശനില മിനി കഫെ ആരംഭിക്കാനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.