കൊട്ടാരക്കര : കേരള എൻജിനീയറിങ് (കീം) റാങ്ക് ലിസ്റ്റിൽ സംസ്ഥാന സിലബസുകാർ പിന്നിലാകാൻ കാരണമായത് ഹയർ സെക്കൻഡറിയിലെ മാർക്ക് ദാനവും എൻട്രൻസ് പരീക്ഷയിലെ മാർക്ക് ഏകീകരണവും.

കേരളത്തിൽ പരീക്ഷാനടത്തിപ്പും മൂല്യനിർണയവും ഉദാരമായതിനാൽ കൂടുതൽ വിദ്യാർഥികൾക്ക് മൊത്തം മാർക്ക് ലഭിച്ചിരുന്നതായി ആരോപണം ഉയർന്നിരുന്നു. അതിനാൽ എൻട്രൻസ് പരീക്ഷാ മാർക്കിനൊപ്പം ഹയർ സെക്കൻഡറിയുടെ മാർക്ക് കൂട്ടരുതെന്നുകാട്ടി സി.ബി.എസ്.ഇ. മാനേജ്മെന്റും കുട്ടികളും കോടതിയെ സമീപിച്ചു. സി.ബി.എസ്.ഇ.ക്ക് ബോർഡ് പരീക്ഷ നടക്കാത്ത സാഹചര്യത്തിലാണ് അവർ കോടതിയെ സമീപിച്ചത്.

എന്നാൽ എല്ലാ ചട്ടങ്ങളും പാലിച്ച് കേരളത്തിൽ പൊതുപരീക്ഷ നടത്തിയെന്നും അതിനാൽ പരീക്ഷയുടെ മാർക്കും എൻട്രൻസിന് പരിഗണിക്കണമെന്നു കേരള സർക്കാരും വാദിച്ചു. കേസിൽ സർക്കാർ വിജയിച്ചെങ്കിലും എൻട്രൻസ് പരീക്ഷാ ഫലമെത്തിയപ്പോൾ വിദ്യാർഥികൾക്ക് ഇതു തിരിച്ചടിയായി. പൊതുപരീക്ഷ നടത്താത്ത മറ്റു ബോർഡുകളിലെയും പരീക്ഷ നടത്തിയ സംസ്ഥാന സിലബസുകാരുടെയും മാർക്ക് ഏകീകരിച്ചപ്പോൾ കേരള സിലബസുകാർക്ക് മാർക്കിൽ വലിയ കുറവുവന്നു. ഒരു വിഷയത്തിന്റെ ശരാശരി മാർക്ക് ഉയരുമ്പോൾ വിദ്യാർഥിയുടെ മാർക്ക് കുറയുന്ന തരത്തിലുള്ള ഏകീകരണമാണ് നടപ്പായത്. ഇവിടെയാണ് ഹയർ സെക്കൻഡറിയിലെ മാർക്ക് ദാനം കീമിൽ വിദ്യാർഥികൾക്കു വില്ലനായത്.

കീം പരീക്ഷയുടെയും പ്ലസ്ടു കെമിസ്ട്രി, ഫിസിക്സ്, കണക്ക് വിഷയങ്ങളുടെ മാർക്ക് മുന്നൂറിലേക്കു മാറ്റിയായിരുന്നു ഏകീകരണം. കീം പരീക്ഷയിൽ ലഭിച്ച മാർക്ക് മുന്നൂറിലേക്ക് മാറ്റുമ്പോൾ മാർക്ക് വ്യതാസമുണ്ടാകില്ല. എന്നാൽ ഹയർ സെക്കൻഡറി മാർക്ക് ഏകീകരണത്തിൽ കഥ മാറി. പ്ലസ്ടുവിന് മൂന്നു വിഷയങ്ങൾക്കും മൊത്തം മാർക്ക് നേടിയ സംസ്ഥാന സിലബസ് കുട്ടികൾക്ക് മാർക്ക് ഏകീകരിച്ചപ്പോൾ മുന്നൂറിൽ 256 ആയി കുറഞ്ഞു. എന്നാൽ മറ്റു ബോർഡുകളിൽ 95 മുതൽ 98 ശതമാനം വരെ മാർക്ക് നേടിയ കുട്ടികൾക്ക് ഏകീകരണത്തിൽ 286 മുതൽ 290 വരെ മാർക്ക് ലഭിച്ചു. മൊത്തം മാർക്ക് നേടിയ സംസ്ഥാന സിലബസ് വിദ്യാർഥിയേക്കാൾ 30 മുതൽ 40 വരെ മാർക്ക് മറ്റു ബോർഡുകാർക്ക് കൂടുതൽ. ഒരു മാർക്കിന്റെ വ്യത്യാസമുണ്ടായാൽ തന്നെ റാങ്ക്‌ പട്ടികയിൽ നൂറിലധികം സ്ഥാനം പിന്നിൽപ്പോകുമ്പോൾ ഇത്രയും മാർക്ക് വ്യത്യാസം വിദ്യാർഥികളെ ആയിരക്കണക്കിനു റാങ്കുകൾക്ക് പിന്നേലേക്കുതള്ളി. പട്ടികയിൽ സംസ്ഥാന സിലബസുകാരുടെ ഏറ്റവും ഉയർന്ന റാങ്ക് 68 ആണ്. മൂല്യനിർണയത്തിലെ അശാസ്ത്രീയ സമീപനങ്ങൾ കുട്ടികളെ ബാധിച്ചതിനു തെളിവാണ് കീം പരീക്ഷാ ഫലമെന്ന് എ.എച്ച്.എസ്.ടി.എ. സംസ്ഥാന വൈസ്‌ പ്രസിഡന്റ് ശ്രീരംഗം ജയകുമാർ പറയുന്നു.