തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതുസംബന്ധിച്ച മാർഗരേഖ സർക്കാർ പുറത്തിറക്കി. കുട്ടികളെ രണ്ടുബാച്ചാക്കി ഒരോ ബാച്ച് വീതം ഹാജരാവാനാണ് അനുമതി. ആദ്യബാച്ചിന് തുടർച്ചയായി മൂന്നുദിവസം (വിദ്യാർഥികൾ അധികമുള്ള സ്കൂളുകളിൽ രണ്ടുദിവസം) സ്കൂളിൽ വരാം. അടുത്തബാച്ചിലെ കുട്ടികൾക്ക് അടുത്ത മൂന്നുദിവസവും. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർഥി സ്ഥിരമായി അതേ ബാച്ചിൽ തുടരണം.

അടുത്തിടപഴകേണ്ട കായികവിനോദങ്ങൾ, സ്കൂൾ അസംബ്ലി, ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കൽ എന്നിവ ഒഴിവാക്കും. മറ്റു ഗുരുതരരോഗങ്ങളുള്ളവരും ഭിന്നശേഷിക്കാരും സ്കൂളിൽ എത്തേണ്ടതില്ല. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും ഹാജരാകേണ്ട. കോവിഡ് രോഗലക്ഷണമുള്ള കുട്ടികൾ, പ്രാഥമിക സമ്പർക്കമുള്ള/സംശയിക്കുന്ന കുട്ടികൾ/ജീവനക്കാർ, സമ്പർക്കവിലക്കിൽ ഇരിക്കുന്ന കുട്ടികൾ/ജീവനക്കാർ, കോവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണമുള്ള സ്ഥലങ്ങളിൽനിന്നുള്ളവർ എന്നിവരും ഹാജരാവേണ്ട. യൂണിഫോം നിർബന്ധമല്ല. നിർബന്ധിപ്പിച്ച് യൂണിഫോം നൽകുന്നതായി പരാതിയുയർന്നാൽ നടപടിസ്വീകരിക്കും. പ്രാക്ടിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തും.

സ്കൂളിൽ നേരിട്ട് എത്താൻസാധിക്കാത്ത കുട്ടികൾക്ക് ഡിജിറ്റൽ പഠനരീതി തുടരാം. അധ്യാപകർ പഠനപിന്തുണാ പ്രവർത്തനങ്ങൾ തുടരണം. ക്ലാസുകൾ കൃത്യമായ ടൈം ടേബിളിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കും.