കോട്ടയം: കേന്ദ്രസർക്കാരുമായി സഹകരിച്ച് കേരളത്തിൽ ജലഅതോറിറ്റി നടപ്പാക്കുന്ന ജലജീവൻ മിഷനായി ഇ-ടാപ്പ് വെബ് ആപ്ലിക്കേഷൻ. 2020-21-ൽ 21.42 ലക്ഷം വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകേണ്ടതിനാലാണ് നടപടിക്രമം ലഘൂകരിച്ച് പദ്ധതി വേഗത്തിലാക്കാൻ അതോറിറ്റിയുടെ ഐ.ടി.വിഭാഗം വെബ് ആപ്പിന് രൂപം നൽകിയത്.ഇ-ടാപ്പിലൂടെയാണ് അപേക്ഷകരിൽനിന്ന് അർഹരെ കണ്ടെത്തുന്നത്. ചുമതലയുള്ള എല്ലാ ജീവനക്കാർക്കും മൊബൈൽ ഫോണിൽ ആപ്പ് ലഭ്യമാക്കി. അപേക്ഷകരുടെ വീട്ടിലെത്തി ആധാർകാർഡ്, മൊബൈൽ നമ്പർ, പേര്, വിലാസം എന്നിവ ആപ്പിൽ ചേർത്ത് ഉടൻ കണക്ഷൻ അനുവദിക്കുന്നതിന് ജീവനക്കാർക്ക് യൂസർ ഐ.ഡി.യും പാസ്‌വേർഡും നൽകി.മീറ്റർ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ജി.പി.എസ്. ഘടകങ്ങൾ ആപ്പ് വഴി രേഖപ്പെടുത്തും. കണക്ഷൻ വിവരങ്ങൾ അസി.എൻജിനീയറുടെ അംഗീകാരത്തിന് അയയ്ക്കും. അംഗീകരിക്കച്ചാൽ ഡേറ്റാകൾ മുഴുവൻ അതോറിറ്റിയുടെ റവന്യൂ കളക്ഷൻ സോഫ്‌റ്റ്‌വേറായ ഇ-അബാക്കസിൽ എത്തും. ഇതിലൂടെ കൺസ്യൂമർ ഐ.ഡി.യും നമ്പരുമാകും. ഇത് ഗുണഭോക്താവിന്റെ മൊബൈൽ നമ്പരിലേക്ക് അയച്ചുകൊടുക്കുന്നതോടെ നടപടി പൂർത്തിയായി കണക്ഷൻ നൽകും. ആപ്പ് ജീവനക്കാർക്കായി മാത്രമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊജുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനാവില്ല. അപേക്ഷിക്കേണ്ടതെങ്ങനെ?തങ്ങളുടെ പ്രദേശത്തുകൂടി ജലഅതോറിറ്റിയുടെ വിതരണക്കുഴൽ കടന്നുപോകുന്നുണ്ടെങ്കിൽ നിലവിൽ കണക്ഷനില്ലാത്ത ആർക്കും അപേക്ഷിക്കാം. ഇതിന് ഇംഗ്ലീഷിലുള്ള ഫോറം കേന്ദ്രജലശക്തി മന്ത്രാലയത്തിന്റെ ejalshakti.gov.in എന്ന വെബ് സൈറ്റിലും മലയാളത്തിലുള്ളത് http://rb.gy/cygwuv എന്ന വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച് നൽകേണ്ടത് തങ്ങളുടെ പ്രദേശത്തെ തദ്ദേശസ്ഥാപനത്തിലാണ്. ആധാർ കാർഡിന്റെ പകർപ്പുകൂടി നൽകണം. എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ ആർക്കും അപേക്ഷിക്കാം. ബി.പി.എൽ. വിഭാഗത്തിലുള്ളവർ റേഷൻ കാർഡിന്റെ പകർപ്പുകൂടി നൽകണം. അപേക്ഷ നൽകുന്നതിലെ മുൻഗണനാക്രമമാണ് പരിഗണിക്കുന്നത്.ഗുണഭോക്തൃ വിഹിതത്തിന് പകരം അധ്വാനവുംഓരോ കണക്ഷനും 90 ശതമാനം തുക സബ്‌സിഡിയാണ്. കേന്ദ്രസർക്കാർ 45 ശതമാനം, സംസ്ഥാനസർക്കാർ 30 ശതമാനം, തദ്ദേശസ്ഥാപനം 15 ശതമാനം എന്നിങ്ങനെയാണ് സർക്കാർ വിഹിതം. ബാക്കി പത്തുശതമാനം ഗുണഭോക്താവ് വിഹിതമായി നൽകണം. അത് പണമായി നൽകാൻ കെൽപ്പില്ലെങ്കിൽ കണക്ഷൻ നൽകുന്നതിനുള്ള അധ്വാനമായി സംഭാവന ചെയ്യാം. ഇല്ലെങ്കിൽ തന്റെ വീട്ടിലെ കണക്ഷന് ആവശ്യമായ സാമഗ്രികൾ വാങ്ങി നൽകിയാലും ഗുണഭോക്തൃവിഹിതമായി കണക്കാക്കാം.ഇതുവരെ നൽകിയത് 37,887 കണക്ഷൻഎല്ലാ ജില്ലകളിലുമായി ഇതുവരെ നൽകാനായത് 37,887 കണക്ഷൻ മാത്രം. പാലക്കാട് ജില്ലയാണ് മുൻപിൽ 7,219 എണ്ണം; പിന്നിൽ കാസർകോട് 167 എണ്ണം മാത്രം. 2021 മാർച്ച് 31-നകം 21,04,141 കണക്ഷൻകൂടി നൽകണം.