കൊല്ലം : വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നൽകാത്ത പത്തനാപുരം സി.ഐ. കുറ്റക്കാരനെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. പോലീസ് സ്റ്റേഷനിൽനിന്ന് ഒരു കേസ് സംബന്ധിച്ച വിവരങ്ങൾ നൽകാത്തത് വിവരാവകാശനിയമം 7(1) വകുപ്പിന്റെ ലംഘനവും 20(10) പ്രകാരം ശിക്ഷാർഹവുമാണെന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം.പോൾ നൽകിയ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ചലച്ചിത്രസംവിധായകൻ ആലപ്പി അഷറഫിന്റെ ഭാര്യ ഫാത്തിമ നൽകിയ അപ്പീലിൽ തീർപ്പ്‌ കൽപ്പിച്ചുകൊണ്ടാണ് ഉത്തരവ്. സി.ഐ., പുനലൂർ സബ് ഇൻസ്പെക്ടർ ആയിരിക്കെയാണ് അപേക്ഷ നൽകിയത്. ഉത്തരവ് കൈപ്പറ്റി പത്ത് ദിവസത്തിനുള്ളിൽ ഹർജിക്കാരിക്ക് രജിസ്റ്റേഡ് പോസ്റ്റ് ആയി വിവരങ്ങൾ നൽകണമെന്നും നിർദേശിച്ചു. പുനലൂർ ഡിവൈ.എസ്.പി. ഓഫീസിൽ നൽകിയ അപ്പീലിലും മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിച്ചത്.