കൊച്ചി: പൊതുസേവനങ്ങളിൽ പരാതിയുണ്ടെങ്കിൽ ഫീസൊന്നും അടയ്ക്കാതെ കേസ് നടത്താൻ കഴിയുന്ന കോടതിയുണ്ട് സംസ്ഥാനത്ത്- ലോക് അദാലത്തുകൾ. പക്ഷേ, ഇവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാൽ ആരും ഇവിടേക്ക് എത്തുന്നില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്ഥിരം ലോക് അദാലത്തുകളുള്ളത്.

പ്രവർത്തനം ഇങ്ങനെ

ചെയർമാനായി റിട്ട. ജില്ലാ ജഡ്‌ജിയും രണ്ട് അംഗങ്ങളും അടങ്ങിയതാണ് ഒരു ലോക് അദാലത്ത്. പൊതുസേവന മേഖലയിലുള്ള ഏതെങ്കിലും സ്ഥാപനങ്ങളിൽനിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെയാണ് അംഗങ്ങളായി നിയമിക്കുന്നത്. അഞ്ചുവർഷത്തെക്കാണ് ഇവരെ കേരള ലീഗൽ സർവീസസ് അതോറിറ്റി നിയമിക്കുന്നത്.

ഏതെല്ലാം പരാതികൾ പരിഗണിക്കും

ആശുപത്രി, വൈദ്യുതി, വെള്ളം, ഗതാഗതം, തപാൽ, ടെലിഫോൺ തുടങ്ങിയ ഏത് മേഖലയെ സംബന്ധിച്ച പരാതികളും ലോക് അദാലത്തിൽ ഉന്നയിക്കാം. ഇങ്ങനെ പരാതി ഉന്നയിക്കുമ്പോൾ ഫീസൊന്നും നൽകേണ്ടതില്ല.

തീരുമാനത്തിൽ അപ്പീൽ ഇല്ല

പരാതി ലഭിച്ചാൽ ഇരുകൂട്ടരുമായി മധ്യസ്ഥ ചർച്ചയാണ് ആദ്യം നടത്തുക. പ്രശ്‌നം പറഞ്ഞ് തീർക്കാൻ കഴിഞ്ഞില്ലെങ്കിലേ നിയമ നടപടികളിലേക്ക് കടക്കൂ. തീർപ്പു കല്പിച്ചാൽ അപ്പീലിനും അവകാശമില്ല. സ്വകാര്യ ആശുപത്രിയിലെ സേവനത്തിലെ വീഴ്ചയെ സംബന്ധിച്ച പരാതിയിൽ എറണാകുളത്തെ ലോക് അദാലത്ത് അടുത്തിടെ എട്ടുലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടത്.

സ്ഥിരം ലോക് അദാലത്തുകളുടെ വിലാസവും ഫോൺ നമ്പറും

സ്ഥിരം ലോക് അദാലത്ത്, എ.ഡി.ആർ. ബിൽഡിങ്, ജില്ലാ കോടതി അനക്‌സ് തിരുവനന്തപുരം-0471 2474855 (കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് ).

ജില്ലാ കോടതി അനക്‌സ്, കലൂർ, കൊച്ചി 0484 2345950 (കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ ജില്ലകൾക്ക്).

ജില്ലാ കോടതി ബിൽഡിങ് ചെറൂട്ടി റോഡ്, കോഴിക്കോട് 0495 2367400 (പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക്).

പോലീസ് സ്റ്റേഷനിലുണ്ട് സൗജന്യ സേവനത്തിന് അഭിഭാഷകർ

ഏതെങ്കിലും ആവശ്യത്തിന് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചാൽ പേടിക്കാത്തവർ കുറവാണിപ്പോഴും. ഇപ്പോൾ എല്ലാ സ്റ്റേഷനിലും സൗജന്യ നിയമസഹായവുമായി സ്റ്റേഷനിലേക്ക് അഭിഭാഷകരെത്തും. അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും സ്റ്റേഷനിലുണ്ട്. കെൽസയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.