കൊച്ചി: കോവിഡിന്റെ മറവിൽ കേരളത്തിലെ വനങ്ങളിൽനിന്ന്‌ കോടിക്കണക്കിന് രൂപയുടെ ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്നു. തൃശ്ശൂർ കോടശ്ശേരി, പാലക്കാട് അട്ടപ്പാടി, കൊല്ലം ആര്യങ്കാവ് വനമേഖലകളിൽനിന്നാണ് വ്യാപകമായി ചന്ദനമരങ്ങൾ നഷ്ടമായത്. തൃശ്ശൂരിലെ വെള്ളിക്കുളങ്ങര റേഞ്ചാണ് ചന്ദനക്കൊള്ളയുടെ പുതിയ ‘ഹോട്സ്‌പോട്ട്’. ഇവിടെമാത്രം 160 ചന്ദനമരങ്ങൾ നഷ്ടമായി. ഔദ്യോഗിക കണക്കിനെക്കാളും ഇരട്ടിയിലധികമാണ് കൊള്ളയടിച്ചതെന്നാണ് സൂചന.

മേയ് മാസത്തിൽ മണ്ണാർക്കാടുനിന്ന് ചന്ദനമോഷണക്കേസ് പ്രതി ഹംസയെ ആറരക്കിലോ ചന്ദനത്തടികളുമായി പിടിച്ചതോടെയാണ് കോവിഡ്കാലത്തെ ചന്ദനക്കടത്തിനെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിനുശേഷം മണ്ണാർക്കാടുനിന്ന് 121 കിലോ ചന്ദനം പിടിച്ചു. ഒക്ടോബറിൽ കാസർകോട് കളക്ടറുടെ ക്യാമ്പ് ഹൗസിന് സമീപത്തുനിന്ന് 885 കിലോ ചന്ദനം പിടിച്ചതാണ് കൂട്ടത്തിലെ വലിയ സംഭവം. സെപ്റ്റംബറിൽ മഞ്ചേരിയിലെ കടമുറിയിൽ സൂക്ഷിച്ചിരുന്ന 750 കിലോ ചന്ദനവും പിടിച്ചെടുത്തു.

തമിഴ്‌നാട് അതിർത്തിയിലെ ആര്യങ്കാവിൽ നൂറുകിലോ ചന്ദനം നഷ്ടമായെന്നാണ് കണക്ക്. ഇടുക്കിയിലെ മറയൂരിൽ ലോക്ഡൗൺ കാലത്ത് ചന്ദനക്കടത്തിന് അഞ്ച് കേസാണെടുത്തത്. മറയൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങളുള്ളത് ചാലക്കുടി വനംഡിവിഷനിലാണ്. പാലക്കാട് അട്ടപ്പാടിയിലും ചന്ദനം വ്യാപകമായുണ്ട്. മണ്ണാർക്കാട് മാഫിയയാണ് ചന്ദനക്കൊള്ളയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കർണാടകയിലും ആന്ധ്രയിലുമുള്ള മലയാളികളുടെ ഫാക്ടറികളിലേക്കാണ് ചന്ദനം കടത്തുന്നതെന്നാണ് സൂചന.

ചന്ദനമരത്തിന് ഭൂനിരപ്പിൽനിന്ന് 1.37 മീറ്റർ ഉയരത്തിൽ 30 സെന്റീമീറ്റർ വണ്ണം വെച്ചാൽ നമ്പർ ഇടണമെന്നാണ് ചട്ടം. ഇത് മറയൂരിൽ മാത്രമേ കൃത്യമായി നടക്കുന്നുള്ളൂ. എത്രത്തോളം ചന്ദനം നഷ്ടമായെന്ന കണക്കും വനംവകുപ്പിനില്ല.

കൊലപാതകവും ആക്രമണങ്ങളും

ചന്ദനക്കൊള്ളയുടെ വിവരം ചോർത്തിയതിന് ഓഗസ്റ്റിൽ മറയൂരിൽ ആദിവാസിസ്ത്രീയെ വെടിവെച്ചുകൊന്നു. ഏതാനും ദിവസം മുമ്പ് കോടശ്ശേരി റിസർവിലെ കാരിക്കടവിൽ ചന്ദനമാഫിയയും വനപാലകരും ഏറ്റുമുട്ടി. ഈ മാസമാദ്യം വെള്ളിക്കുളങ്ങര റേഞ്ചിൽ വനംവകുപ്പ് ജീവനക്കാരുടെ ജീപ്പ് ചന്ദനമാഫിയ ഇടിച്ചുതെറിപ്പിച്ച സംഭവവും നടന്നു.

ചന്ദനംമുറിക്കരുതെന്ന് സർക്കാർ

പട്ടയഭൂമിയിലുൾപ്പെടെ ചന്ദനമരങ്ങൾ മുറിക്കാൻ അനുമതി തേടണമെന്ന് സർക്കാർ ഉത്തരവ് പുതുക്കി. ഏതാനും ദിവസംമുമ്പാണ് പട്ടയഭൂമിയിൽ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ മാത്രമേ കർഷകർക്ക് അനുമതിയുള്ളൂ എന്ന് ഉത്തരവിറക്കിയത്.