കൊച്ചി: നവംബർ 11-ന് നിലവിലെ ഭരണസമിതികളുടെ കാലാവധി പൂർത്തിയാവുമ്പോൾ, അത് നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി ചില തദ്ദേശസ്ഥാപനങ്ങൾ. തങ്ങൾക്ക് ഭരണഘടനപ്രകാരമുള്ള കാലയളവ് കിട്ടിയിട്ടില്ലെന്നാണ് ന്യായം.

2000-ത്തിലെ തദ്ദേശതിരഞ്ഞെടുപ്പിൽ വാർഡ് പുനർനിർണയവുമായി ബന്ധപ്പെട്ട് ചില പഞ്ചായത്തുകളിൽ തർക്കങ്ങളുണ്ടായിരുന്നു. പുനർനിർണയത്തിൽ രാഷ്ട്രീയകക്ഷികളും മറ്റും ഹൈക്കോടതിയെ സമീപിച്ചതിപ്പോൾ ഭരണസമിതി അധികാരത്തിൽ വരുന്നത് നീണ്ടു. എല്ലായിടത്തും ഒക്ടോബർ രണ്ടിന് ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ കേസുണ്ടായ പഞ്ചായത്തുകളിൽ നവംബർ 30-നായിരുന്നു അധികാരത്തിൽ വന്നത്. അതിനാൽ അവർക്ക് നവംബർ 30 വരെ കാലാവധിയുണ്ടെന്നാണ് വാദം.

എറണാകുളം ജില്ലയിൽ കുന്നുകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിലാണ് ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകിയത്. കുന്നുകര ബ്ലോക്ക് പഞ്ചായത്തിലും പാറക്കടവ് ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഈ വിഷയം നിലനിൽക്കുന്നുണ്ട്.