കൊച്ചി: ഡോളർക്കടത്ത് കേസിലെ നയതന്ത്രപരിരക്ഷ, വിദേശിക്കെതിരേ ജാമ്യമില്ലാവാറന്റ് എന്നിവയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും. കേസിലെ മൂന്നാംപ്രതി യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരനായ ഈജിപ്തുകാരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് നയതന്ത്രപരിരക്ഷ ഉണ്ടോയെന്നതാണ് പ്രധാന വാദം. വിദേശിയായ ഒരാൾക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കോടതിക്ക് അധികാരമുണ്ടോയെന്നതിലും വാദം കേൾക്കും. രണ്ടുവിഷയത്തിലും സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളെ ബാധിക്കുന്നതാകും കോടതിനിരീക്ഷണങ്ങളും വിധിയും.

തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം തലവനായിരുന്ന ഖാലിദ് 1.30 കോടി രൂപയുടെ അമേരിക്കൻ ഡോളർ അനധികൃതമായി ഈജിപ്തിലേക്ക് കടത്തിയെന്നാണ് കേസ്. യു.എ.ഇ. സ്വദേശിയല്ലാത്ത ഖാലിദ് കോൺസുലേറ്റിലെ ‘ശമ്പളക്കാരൻ’ മാത്രമാണെന്നും അതിനാൽ നയതന്ത്രപരിരക്ഷയില്ലെന്നുമാണ് കസ്റ്റംസിന്റെ വാദം. നിലവിൽ ഇയാൾ യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനല്ലെന്നും കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യ കേസുകൾ കൈകാര്യംചെയ്യുന്ന കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.