തിരുവനന്തപുരം/തൃശ്ശൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ കോവിഡ് പ്രതിരോധത്തിന് ഓരോ പോളിങ് ബൂത്തിലും ഒരു ജീവനക്കാരനെക്കൂടി അധികം നിയമിക്കും. ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി വോട്ടർമാർക്ക് സാനിറ്റൈസർ നൽകുന്നതിനാണിത്. സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപങ്ങളിലെ 21,865 വാർഡുകളിലായി 34,744 പോളിങ് ബൂത്തുകളുണ്ട്. ബൂത്തിനുമുന്നിൽ പോലീസ് നിരീക്ഷണം ഉണ്ടെങ്കിലും വോട്ടർ മാസ്ക് ധരിച്ചെന്നു ഉറപ്പാക്കുന്ന ജോലികൂടി പോളിങ് അസിസ്റ്റന്റിനുണ്ടാകും. ഒരു പ്രിസൈഡിങ് ഓഫീസർ, മൂന്ന് പോളിങ് ഓഫീസർ എന്നിവരാണ് സാധാരണയായി ഡ്യൂട്ടിക്കുണ്ടാവുക. ഇതുകൂടാതെയാണ് ക്ലാസ്‌ഫോർ വിഭാഗത്തിൽപ്പെട്ട ഒരാളെക്കൂടി ബൂത്തിൽ നിർത്തുന്നത്.

9,10,000 മാസ്കുകൾ, 2,23,000 ഫേസ് ഷീൽഡുകൾ

പോളിങ് ബൂത്തുകളിലെ ഉദ്യോഗസ്ഥർക്ക് നൽകാൻ 9,10,000 എൻ-95 മാസ്കുകളും 2,20,000 ഡിസ്‌പോസബിൾ ഫേസ് ഷീൽഡും തയ്യാറായി. മൂവായിരത്തോളം പുനരുപയോഗക്ഷമമായ ഫേസ്ഷീൽഡുകളുമുണ്ടാകും. ഇവ റിട്ടേണിങ് ഓഫീസർമാർക്കാകും നൽകുക. കൂടാതെ ആറുലക്ഷം ജോഡി കൈയുറകളും റെഡിയാണ്.

പോളിങ്ങിന്റെ ചുമതലയുള്ള ജില്ലാ ഓഫീസർമാർ ആവശ്യപ്പെടുന്നതനുസരിച്ച് സാനിറ്റൈസർ എത്തിക്കുമെന്ന് കേരള മെഡിക്കൽ സെയിൽസ് കോർപ്പറേഷൻ ലിമിറ്റഡ് എം.ഡി. ഡോ. ദിലീപ്കുമാർ അറിയിച്ചു. എന്നാൽ ദീർഘസമയം പി.പി.ഇ. കിറ്റുകളിട്ട് ജോലിചെയ്യാൻ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടാകുമെന്നതിനാൽ തത്കാലം അവ നൽകുന്ന കാര്യം പരിഗണനയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രശ്നബാധിത ബൂത്തുകൾ

ഓരോ ബൂത്തിലും ഒരുപോലീസ് എന്നാണ് കണക്ക്. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസുകാരെ നിയോഗിക്കുന്നതിനൊപ്പം വെബ്ക്യാമറ, വിഡിയോഗ്രഫി എന്നിവയും ഏർപ്പെടുത്തുന്നുണ്ട്. ജില്ലാപോലീസ് മേധാവികൾ തയ്യാറാക്കുന്ന പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും.