തിരുവനന്തപുരം: കെൽട്രോണിലെ നിയമനങ്ങൾ റിയാബിനെ ഏൽപ്പിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് മറികടന്ന് നിയമന നീക്കം. 102 സ്ഥിര നിയമനങ്ങൾക്കാണ് കെൽട്രോൺ വിജ്ഞാപനം പുറപ്പെടുവിച്ചത്. നവംബർ രണ്ടിനാണ് നിയമനങ്ങളെല്ലാം റിയാബിനെ ഏൽപ്പിച്ച് വ്യവസായവകുപ്പ് ഉത്തരവിറക്കിയത്.

എന്നാൽ, ഇതിനുപിന്നാലെ വിവിധ തസ്തികകളിലേക്ക് കെൽട്രോൺ തന്നെ അപേക്ഷ ക്ഷണിക്കുകയായിരുന്നു. നിയമന നടപടികൾക്കായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനെ ചുമതലപ്പെടുത്തി. കെൽട്രോണിൽ നടക്കുന്ന നിയമനങ്ങളിൽ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് താത്കാലിക, കരാർ, സ്ഥിരം നിയമനങ്ങൾക്കായി വ്യവസായവകുപ്പ് റിയാബിനെ ചുമതലപ്പെടുത്തിയത്.

വിവിധ തസ്തികളിലായി 102 നിയമങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈമാസം 25 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസില്ല.