തിരുവനന്തപുരം: ചെലവുചുരുക്കൽ ശ്രമങ്ങൾക്കിടയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നഷ്ടം 350 കോടി രൂപയിലേക്കെത്തുന്നു. ശബരിമല തീർഥാടന ഒരുക്കത്തിനുള്ള ചെലവും ലേലങ്ങൾ നടക്കാതിരിക്കുന്നതും ബോർഡിന്റെ ധനസ്ഥിതി ഇനിയും വഷളാക്കും.

ലോക്ഡൗണിനെത്തുടർന്ന് മാർച്ച് അവസാനം മുതൽ ശബരിമലയുൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ വരുമാനം കുറഞ്ഞു. ഭക്തരെ ക്ഷേത്രങ്ങളിലേക്ക്‌ പ്രവേശിപ്പിച്ചുതുടങ്ങിയെങ്കിലും നിയന്ത്രണം തുടരുന്നത് തിരക്കുകുറയാൻ കാരണമായി. ഇതും വരുമാനത്തെ ബാധിച്ചു.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ലേലം ചെയ്യേണ്ട 160 സ്റ്റാളുകളിൽ മൂന്നെണ്ണത്തിനേ ഇതുവരെ ആളെത്തിയുള്ളൂ. ബാക്കിയായ 157 സ്റ്റാളുകൾക്ക് തുറന്ന ലേലം നടത്താനാണ് ബോർഡിന്റെ തീരുമാനം. ശബരിമലയിൽ അത്യാവശ്യമല്ലാത്ത മരാമത്തുപണികൾ വേണ്ടെന്നുവെച്ചിട്ടും ചെലവിനു കുറവില്ല. സർക്കാർ നിയോഗിച്ച സമിതി നിശ്ചയിച്ചതിനെക്കാൾ കൂടുതൽ തീർഥാടകരെ ദിവസവും പ്രവേശിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. ഇതുസംബന്ധിച്ച സ്വകാര്യഹർജികൾ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

നെയ്‌ത്തോണി മേലേതിരുമുറ്റത്ത്

നെയ്യഭിഷേക നിയന്ത്രണമുള്ളതിനാൽ മുദ്രകളിലെ നെയ്യ് ഒഴിക്കാൻ സന്നിധാനത്ത് ക്രമീകരണമുണ്ടാകും. സന്നിധാനത്ത് അയ്യപ്പദർശനം കഴിഞ്ഞ് മാളികപ്പുറത്തേക്ക്‌ പോകുമ്പാൾ മേലേതിരുമുറ്റത്തിനു സമീപം നെയ്‌ത്തോണി ഒരുക്കും. മാളികപ്പുറത്ത് ദർശനംകഴിഞ്ഞ് ആടിയശിഷ്ടംനെയ്യ് വാങ്ങാൻ താഴെമുറ്റത്ത് കൗണ്ടർ തുറക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ. വാസുപറഞ്ഞു.

ആന്റിജൻ ടെസ്റ്റ് ചെലവ് വഹിക്കാൻ സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമം ദേവസ്വംബോർഡ് ഉപേക്ഷിച്ചു. ശബരിമലയിലേക്കുള്ള ഇടത്താവളങ്ങളിലും തീർഥാടകരെ രാത്രി താമസിക്കാൻ അനുവദിക്കില്ല. അന്നദാനസൗകര്യമൊരുക്കും.