കൊച്ചി: കോവിഡ് കാലത്ത് കൊച്ചിയിൽ കോട്ടൺ കളി ചൂതാട്ടം വ്യാപകം. ഏറെ നാളായി ഒന്നൊതുങ്ങി നിന്നിരുന്ന കോട്ടൺ കളി കോവിഡ് കാലത്താണ് വീണ്ടും രംഗം പിടിച്ചത്. ലോട്ടറി വില്പന നിർത്തിവെച്ചതോടെ എഴുത്തുലോട്ടറി കച്ചവടം നടക്കാതെയായി, ഈ സമയത്താണ് കോട്ടൺ കളി വീണ്ടും പച്ച പിടിച്ചത്. സാമ്പത്തിക ബാധ്യത മൂലം കൂടുതൽ കടകൾ കോട്ടൺ കളിക്ക് ഇടമായി മാറുകയും ചെയ്തു.

എഴുത്തുലോട്ടറി വ്യാപകമായതിനു പിന്നാലെ ലോട്ടറി വകുപ്പിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിവരികയാണ്. ഡിവൈ.എസ്.പി. കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

എഴുത്തുലോട്ടറിക്ക് ഓൺലൈനിലൂടെ അടക്കം പങ്കെടുക്കാനാകും, മാത്രമല്ല ഏകീകൃത സംവിധാനമാണുള്ളത്. എന്നാൽ കോട്ടൺ കളിയെ നിയന്ത്രിക്കുന്നത് ഒരേ സംഘങ്ങളാണെങ്കിലും, നറുക്കെടുപ്പ് നടക്കുന്നത് ഓരോ കടയും കേന്ദ്രീകരിച്ച്‌ വെവ്വേറെയാണ്. വൈകീട്ട് നാലു മണി മുതൽ ഏഴു വരെയുള്ള സമയത്ത് അതത് കടകളിൽ ചീട്ടെടുക്കുന്നതാണ് രീതി. ഏജന്റുമാരാണ് കളി നിയന്ത്രിക്കുന്നത്.

കൊച്ചി മേഖലയിൽ പ്രധാനമായും മൂന്ന് സംഘങ്ങളാണ് ഇതിനെ നിയന്ത്രിക്കുന്നത്. മട്ടാഞ്ചേരി, ഫോർട്ട്‌കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിലാണ് പ്രധാനമായും കളി അരങ്ങേറുന്നത്. പോലീസിൽ ഇതു സംബന്ധിച്ച് പരാതികളും എത്തിയിട്ടുണ്ട്.

കോട്ടൺ കളി നടക്കുന്ന കടയിലെത്തി രണ്ടക്ക നമ്പർ ഏതെങ്കിലും എഴുതി നൽകി പണം അടയ്ക്കണം. 10 രൂപ മുതൽ 1000 രൂപ വരെ തുക അടയ്ക്കാം. ചീട്ടെടുക്കുമ്പോൾ എഴുതിക്കൊടുത്ത നമ്പർ വന്നാൽ 10 രൂപ നൽകിയ ആൾക്ക് 700 രൂപയാണ് കിട്ടുക. ഇവ നടത്തുന്ന കടക്കാർക്ക് 30 ശതമാനം വരെ കമ്മിഷനാണ് ലഭിക്കുന്നത്.

കൊച്ചി മേഖലയിൽ കോട്ടൺ കളി വ്യാപിപ്പിക്കുമ്പോൾ പരാതി ഉയരുന്നതോടെ, കുറച്ചുനാളത്തേക്ക് പോലീസ് പരിശോധനകൾ നടത്തും, ഇതോടെ സംഘങ്ങൾ കളി അവസാനിപ്പിക്കും. പിന്നീട് ശ്രദ്ധ തിരിയുന്നതോടെ കളി തുടരുകയും ചെയ്യുന്നതാണ് രീതി. യാതൊരു നികുതിയും നൽകാതെയുള്ള ഈ ചൂതാട്ടം ലോട്ടറി കച്ചവടത്തെ സാരമായി ബാധിക്കുന്നതാണ്.

നടപടിയുണ്ടാകും

നിഗൂഢമായ സംവിധാനം ആയതിനാൽത്തന്നെ സ്പെഷ്യൽ ബ്രാഞ്ച് തലത്തിൽ ഇതിനെ കുറിച്ച് രഹസ്യാന്വേഷണം നടക്കുന്നുണ്ട്. വിവരങ്ങൾ കൂടുതൽ ശേഖരിച്ച ശേഷം ശക്തമായ നടപടികൾ എടുക്കാനാണ് തീരുമാനം.

- പി.ബി. രാജീവ് (ഡി.സി.പി., പോലീസ് കമ്മിഷണറേറ്റ് കൊച്ചി)