കൊല്ലം : പ്രജനനനിയന്ത്രണപദ്ധതിക്ക് തുടർച്ചയില്ലാത്തതിനാൽ സംസ്ഥാനത്ത്‌ തെരുവുനായ്ക്കളുടെ എണ്ണത്തിൽ വർധന. മൃഗസംരക്ഷണവകുപ്പിന്റെ കണക്കനുസരിച്ച്‌ സംസ്ഥാനത്തിപ്പോൾ 10,32,932 തെരുവുനായ്ക്കളുണ്ട്. വളർത്തുനായ്ക്കൾ 8,48,928 എണ്ണവും. തെരുവുനായ്ക്കളുടെ കടിയേറ്റ് സംസ്ഥാനത്ത് ഒരുവർഷം 48 മുതൽ 50 വരെ ആളുകൾ മരിക്കുന്നുണ്ട്.

സംസ്ഥാനത്ത്‌ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പദ്ധതിവിഹിതത്തിൽ തെരുവുനായ നിയന്ത്രണത്തിന്‌ തുക വകയിരുത്താറുണ്ട്‌. എന്നാൽ ഫണ്ട്‌ ലഭ്യമാകുന്നതിലെ താമസംമൂലം വന്ധ്യംകരണപദ്ധതി ഫലപ്രദമായി നടപ്പാക്കാൻ മൃഗസംരക്ഷണവകുപ്പിന്‌ കഴിയാറില്ല. അടുത്ത ഫണ്ട്‌ ലഭിക്കുമ്പോഴേക്കും തെരുവുനായ്ക്കളുടെ എണ്ണം വീണ്ടും വർധിക്കും. പദ്ധതിയോടുള്ള തദ്ദേശസ്ഥാപനങ്ങളുടെ താത്‌പര്യക്കുറവും വന്ധ്യംകരണത്തിന്‌ വിധേയമാക്കുന്ന നായ്ക്കളെ, പിടികൂടുന്ന സ്ഥലങ്ങളിൽത്തന്നെ തിരികെ കൊണ്ടുവിടുന്നതിലുണ്ടാകുന്ന പ്രാദേശികമായ എതിർപ്പുമാണ്‌ മറ്റൊരു പ്രതിസന്ധി.

പ്രസവിച്ചുകിടക്കുന്ന നായ്ക്കളെ പിടികൂടാൻ പട്ടിപിടിത്തക്കാർ കാട്ടുന്ന വിമുഖതയും നായ്ക്കളുടെ എണ്ണം കൂട്ടുന്നുണ്ട്‌. ചെറിയ നായ്ക്കളെ വളരെവേഗം കുറഞ്ഞചെലവിൽ വന്ധ്യംകരിക്കാനാകുന്നുണ്ട്‌. ഇതിനായി നടപ്പാക്കുന്ന ഏർലി ന്യൂട്ടറിങ്‌ ഓഫ്‌ ഡോഗ്‌സ്‌ (എൻഡ്‌) എന്ന പദ്ധതിയും കാര്യക്ഷമമല്ല. വന്ധ്യംകരിക്കുന്ന നായ്ക്കുട്ടികളെ ദത്തുനൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതും തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാനാകും. ഈ രീതിക്കും ഇപ്പോൾ പ്രചാരമില്ല. പ്രജനന നിയന്ത്രണത്തിനൊപ്പം എൻഡ്‌ പദ്ധതിയും ദത്തെടുക്കലും പ്രോത്സാഹിപ്പിച്ചാൽ തെരുവുനായ്ക്കളുടെ എണ്ണം വളരെയധികം കുറയ്ക്കാനാകുമെന്ന്‌ മൃഗസംരക്ഷണവകുപ്പ്‌ അസിസ്റ്റന്റ്‌ ഡയറക്ടറും ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) കോ-ഓർഡിനേറ്ററുമായ ഡോ. ഡി.ഷൈൻകുമാർ പറയുന്നു.

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ തെരുവുനായ്ക്കളുള്ളത്‌ ആലപ്പുഴയിലാണ്‌-1.12 ലക്ഷം. എറണാകുളം ജില്ലയിലാണ്‌ തെരുവുനായ്ക്കളുടെ എണ്ണം കുറവ്. കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയസ്കര, പൊന്നാനി നഗരസഭ, കൊച്ചി കോർപ്പറേഷൻ എന്നിവയാണ്‌ തെരുവുനായ നിയന്ത്രണപരിപാടി നിലവിൽ ഫലപ്രദമായി നടപ്പാക്കുന്നത്‌.

മാതൃകയായി കൊച്ചി കോർപ്പറേഷൻ

തെരുവുനായ നിയന്ത്രണത്തിന്‌ കൊച്ചി കോർപ്പറേഷൻ കൈക്കൊള്ളുന്നത്‌ ഫലപ്രദമായ നടപടികൾ. പ്രത്യേകമായി സജ്ജീകരിച്ച എ.സി.ഹാളിൽ ഇടവേളകളില്ലാതെ തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന്‌ വിധേയമാക്കുന്നുണ്ട്‌. ഫണ്ട്‌ ലഭിക്കാത്തതുമൂലം വന്ധ്യംകരണം മുടങ്ങാതിരിക്കാനും കോർപ്പറേഷൻ ശ്രദ്ധിക്കുന്നു.