കൊല്ലം : ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ചെന്നൈ ഐ.ഐ.ടി.വിദ്യാർഥിനിയായ കൊല്ലം സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്ക്. ഐ.ഐ.ടി.യിൽ ഒന്നാംവർഷ എം.എ.ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായിരുന്ന കിളികൊല്ലൂർ കിലോൻതറയിൽ ഫാത്തിമ ലത്തീഫ് (18) ആത്മഹത്യ ചെയ്തിട്ട് തിങ്കളാഴ്ച ഒരുവർഷം തികയുമ്പോഴും ബന്ധുക്കളുടെ മൊഴിപോലും രേഖപ്പെടുത്താൻ അന്വേഷണസംഘം എത്തിയിട്ടില്ല.

2019 നവംബർ ഒൻപതിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. പഠനത്തിൽ മിടുക്കിയായിരുന്ന ഫാത്തിമ, ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെപ്പറ്റിയുള്ള വിവരങ്ങൾ ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു.

ചെന്നൈ കോട്ടൂർപുരം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേരളത്തിൽനിന്നുള്ള എം.പി.മാരും ജനപ്രതിനിധികളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസന്വേഷണം പിന്നീട് സി.ബി.ഐ. ഏറ്റെടുത്തു. ഫാത്തിമയുടെ പിതാവ് പ്രവാസിയായ അബ്ദുൾ ലത്തീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടും കേസന്വേഷണം സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചിരുന്നു.

അന്വേഷണം മന്ദഗതിയിലായതോടെ തന്റെ വിദേശത്തേക്കുള്ള മടങ്ങിപ്പോക്ക്‌ പ്രതിസന്ധിയിലായതായി അബ്ദുൾ ലത്തീഫ് പറയുന്നു. തന്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം എത്തുമെന്ന് അടുത്തിടെ അറിയിച്ചിരുന്നെങ്കിലും പിന്നീട് വിവരമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവർ നിയമത്തിനുമുന്നിലെത്തുന്നതും കാത്തിരിക്കുകയാണ് മാതാവ് സാജിതയും ഫാത്തിമയുടെ ഇരട്ടസഹോദരി അയിഷയും ഇളയ സഹോദരി മറിയവുമടങ്ങുന്ന കുടുംബം.