കൊച്ചി: സർക്കാർ പ്രഖ്യാപിച്ച റബ്ബർ സബ്‌സിഡി നാലു മാസത്തിലേറെയായി കിട്ടാതെ കർഷകർ. സെർവർ തകരാർ മൂലം ബില്ല് സമർപ്പിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോഴുള്ളത്. ജൂൺ മുതലാണ് സെർവർ പ്രവർത്തനരഹിതമായത്.

15 ദിവസം കണക്കാക്കി മാസത്തിൽ രണ്ട് തവണയാണ് സബ്‌സിഡി ലഭിച്ചിരുന്നത്. റബ്ബർ ബോർഡ് ദിവസവും പ്രഖ്യാപിക്കുന്ന മാർക്കറ്റ് വിലയും അടിസ്ഥാന വിലയും തമ്മിലുള്ള അന്തരമാണ് സബ്‌സിഡിയായി കർഷകർക്ക് സർക്കാർ നൽകിയിരുന്നത്. ഓരോ മാസത്തെയും ബില്ലുകൾ കണക്കാക്കി സംസ്ഥാന സർക്കാരിന്റെ റബ്ബർ വിലസ്ഥിരതാ ഫണ്ടിൽനിന്നാണ് തുക നൽകേണ്ടത്. കർഷകർ ഇ.ബി.ടി. വെബ്‌സൈറ്റിലാണ് ബില്ലുകൾ സമർപ്പിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് റബ്ബർ വില്പന കാര്യമായി നടക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. അതിനാൽ സബ്‌സിഡിയെങ്കിലും ലഭിച്ചാൽ സഹായമാകുമെന്ന അഭിപ്രായമാണ് കർഷകർക്ക്.