മലപ്പുറം: സാധാരണ തിരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയപ്പാർട്ടികൾ തലങ്ങും വിലങ്ങും കേരളയാത്രകൾ നടത്താറുണ്ട്. അതൊരു ശക്തിപ്രകടനമാണ്. ചിലത് ചിലരെയൊക്കെ ബോധ്യപ്പെടുത്താനുള്ള ശ്രമം. കോവിഡ് ആ പതിവും തെറ്റിച്ചു. വിഷയങ്ങൾ ഏറെയുണ്ടായിട്ടും പ്രതിപക്ഷ പാർട്ടികൾപോലും യാത്രനടത്താൻ ’ധൈര്യം’ കാണിച്ചില്ല.

സർക്കാരിനെതിരേ സമരത്തിനിറങ്ങി അടിയേറെ വാങ്ങിക്കൂട്ടിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പക്ഷേ, അടങ്ങിയിരിക്കാൻ പറ്റില്ലല്ലോ. തല്ലുകൊണ്ടവർക്ക് സീറ്റും കിട്ടണം. തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ സീറ്റാവശ്യപ്പെട്ട് ജില്ലകളിലൂടെ കറങ്ങുകയാണ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾ.

നാൽപ്പതുശതമാനം സീറ്റുകളെങ്കിലും ചെറുപ്പക്കാർക്കായി മാറ്റിവെക്കണമെന്നാണ് ആവശ്യം. ഓരോ ജില്ലയിലും പരിഗണിക്കേണ്ടവരുടെ പട്ടിക അതത് ഡി.സി.സി. പ്രസിഡന്റുമാരെ കണ്ട് കൈമാറുന്നുണ്ട്. നിയമസഭാ മണ്ഡലം കമ്മിറ്റി, ജില്ലാകമ്മിറ്റി, സംസ്ഥാനകമ്മിറ്റി ഭാരവാഹികൾ എന്നിവർചേർന്നാണ് പട്ടിക തയ്യാറാക്കിയത്.

യുവാക്കൾക്കായി പരമാവധി സീറ്റുകൾ പിടിച്ചെടുക്കാനുള്ള ’സമ്മർദയാത്ര’യാണിത്. സ്ഥാനാർഥി നിർണയത്തിൽ ജയസാധ്യതയും ജനപിന്തുണയുമാകണം പ്രധാന പരിഗണന, വിമതർക്ക് വീണ്ടും അവസരം കൊടുക്കരുത്, സിറ്റിങ് സീറ്റിൽ തോറ്റവരെ ഒഴിവാക്കണം, ഒരേസീറ്റിൽ ഭാര്യയും ഭർത്താവും മാറി മാറി മത്സരിക്കുന്ന ഏർപ്പാട് അനുവദിച്ചുകൂടാ... ഇങ്ങനെ നീളുന്നു യൂത്തിന്റെ ആവശ്യപ്പട്ടിക.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളെ കണ്ടാണ് യാത്രയുടെ തുടക്കം. എട്ട് ജില്ലകൾ പിന്നിട്ട് പര്യടനം ഞായറാഴ്ച പാലക്കാട്ടെത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് വഴി ചൊവ്വാഴ്ച കാസർകോട്ട് സമാപിക്കും.

ഉപാധ്യക്ഷൻമാരായ കെ. ശബരീനാഥ് എം.എൽ.എ, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, എസ്.എം. ബാലു, എൻ.എസ്. നുസൂർ, എസ്.ജെ. പ്രേംരാജ് തുടങ്ങിയവരാണ് ഷാഫി പറമ്പിലിന്റെ സഹയാത്രികർ.