താനൂർ: റിമാൻഡ് പ്രതികളുടെ ആരോഗ്യപരിശോധനകൾ നടത്താൻ പുതിയ മാർഗരേഖ സർക്കാർ അംഗീകരിച്ചു. താനൂർ സ്വദേശിയായ ഡോക്ടർ പ്രതിഭയുടെ നിയമപോരാട്ടത്തിനൊടുവിലാണ് പുതിയ നിയമങ്ങൾ അംഗീകരിച്ചത്.

വൈദ്യപരിശോധനയ്ക്ക് പുതിയ മാർഗനിർദേശം വേണമെന്നാവശ്യപ്പെട്ട് 2018-ലാണ് ഡോ. പ്രതിഭ ചീഫ് സെക്രട്ടറിയെ സമീപിച്ചത്. ഒമ്പത് മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ ഉത്തരവ് ഒക്ടോബർ 31-ന് പ്രാബല്യത്തിൽ വന്നതോടെയാണ് ഡോ. പ്രതിഭ നടത്തിയ നിയമയുദ്ധം ശ്രദ്ധേയമായത്.

നിയമപോരാട്ടം ഇങ്ങനെ

2018 ഏപ്രിലിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജോലിക്കിടെ ടൗൺ പോലീസ് കൂട്ടമായി വൈദ്യപരിശോധനയ്ക്ക് പ്രതികളെ എത്തിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതോടെ പ്രതിഭ പ്രതികരിച്ചു. ടൗൺ സബ് ഇൻസ്‌പെക്ടറുടെ നിർദേശം അനുസരിക്കാത്തതിനെത്തുടർന്ന് ഡോ. പ്രതിഭയ്ക്ക് കൈയേറ്റവും ഭീഷണിയുമുണ്ടായിരുന്നു.

പ്രതികളുടെ ജയിൽ പ്രവേശനത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിഷ്‌കർഷിക്കുന്ന പ്രത്യേക ഫോമിൽ സർക്കാർ ഡോക്ടർമാർ റിപ്പോർട്ട് തയ്യാറാക്കിനൽകണം. മതിയായ പരിശോധനകൾക്ക് അവസരംനൽകാതെ റിമാൻഡ് നടപടികൾക്കുമുമ്പ് ഇത്തരം പരിശോധനാറിപ്പോർട്ടുകൾ സർക്കാർ ആശുപത്രികളോട് ആവശ്യപ്പെടുന്ന നടപടികൾ തടയണമെന്നാവശ്യപ്പെട്ടാണ് 2018-ൽ കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിതവിഭാഗത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. പ്രതിഭ സർക്കാരിനെ സമീപിച്ചത്.

അധികൃതരിൽനിന്ന് അനുകൂല നടപടികളില്ലാത്തിനെത്തുടന്ന് ചീഫ് സെക്രട്ടറിക്ക് നിവേദനംനൽകി. ചീഫ് സെക്രട്ടറി തലത്തിലും നടപടിയുണ്ടായില്ല. ഇതോടെ ഹൈക്കോടതിയെ സമീപിച്ചു. പ്രതിഭ നൽകിയ മാർഗനിർദേശങ്ങൾ അടിയന്തരമായി രണ്ടുമാസത്തിനകം രൂപപ്പെടുത്താൻ കഴിഞ്ഞവർഷം മേയിൽ ചീഫ്‌ സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

അങ്ങനെ എ.ഡി.ജി.പി ശ്രീലേഖയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി തയ്യാറാക്കിയ കരടിന് നിയമവകുപ്പ് അനുമതിനൽകിയെങ്കിലും പുറത്തിറക്കാൻ സർക്കാർ തയ്യാറായില്ല. ചീഫ്‌ സെക്രട്ടറിക്കെതിരേ ഡോ. പ്രതിഭ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തു. ഇതോടെ സംസ്ഥാന അറ്റോർണി വിഷയത്തിൽ ഇടപെടുകയും നടപടിയെടുക്കുകയുമായിരുന്നു. ഉത്തരവ് കഴിഞ്ഞ 31-ന് പുറത്തിറങ്ങി.

താനൂർ മഠത്തിൽ റോഡിലാണ് ഡോ. പ്രതിഭയുടെ വീട്. താനാളൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണിപ്പോൾ. 2010 മുതൽ 2015 വരെ തിരൂർ ജില്ലാ ആശുപത്രിയിലും ഡോക്ടറായി പ്രവർത്തിച്ചിരുന്നു. ഉത്തരവ് പ്രാബല്യത്തിൽ വന്നത് ഏറെ സന്തോഷംനൽകുന്നതായി ഡോ. പ്രതിഭ ’മാതൃഭൂമി’യോട് പറഞ്ഞു.